നടിയെ ആക്രമിച്ച കേസിലെ വിധി നേരത്തെ ചോർന്നുവെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിന്‍റെ ആരോപണം തളളി എക്സിക്യുട്ടീവ് കമ്മിറ്റി രംഗത്ത്. വിധിയുടെ വിശദാംശങ്ങളടങ്ങിയ ഊമക്കത്ത് തങ്ങളറിയാതെയാണ് പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് കൈമാറിയതെന്ന് സെക്രട്ടറി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് നേരത്തെ തന്നെ ചോർന്നുവെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിന്‍റെ ആരോപണം തളളി എക്സിക്യൂട്ടീവ് കമ്മിറ്റി രംഗത്ത്. വിധിയുടെ വിശദാംശങ്ങളടങ്ങിയ ഊമക്കത്ത് തങ്ങളറിയാതെയാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കൈമാറിയെതെന്നും നടപടിയിൽ അസോസിയേഷന് പങ്കില്ലെന്നും സെക്രട്ടറി അഡ്വ എം ആർ നന്ദകുമാർ അറിയിച്ചു. ഊമക്കത്ത് സംബന്ധിച്ചോ അത് ചീഫ് ജസ്റ്റിസിന് കൈമാറുന്നതിനെക്കുറിച്ചോ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കമ്മിറ്റിയിൽ ആലോചിക്കാതെ സ്വന്തം നിലയിൽ പ്രസിഡന്‍റ് തീരുമാനമെടുക്കരുതെന്നും നന്ദകുമാര്‍ അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നെന്നുള്ള ഊമക്കത്താണ് അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് ഷേണായി ചീഫ് ജസ്റ്റിസിന കൈമാറിയത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപരന്ത്യം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. വെളളിയാഴ്ച വിചാരണക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെടും. എന്നാൽ, ഏഴരവർഷം വരെ തടവശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗത്തിന്‍റെ നിലപാട്.വെളളിയാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് കൊച്ചിയിലെ വിചാരണക്കോടതി നടിയെ ആക്രമിച്ച കേസ് വീണ്ടും പരിഗണിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുമുളള ശിക്ഷ അന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർക്കും എന്ത് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടാനുളള അവസരവും അന്നുണ്ടാകും.
സമൂഹത്തിന് മുഴുവൻ ഭീഷണിയാണ് ഈ പ്രതികളെന്നും ഇവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വി അജകുമാർ ആവശ്യപ്പെടും. ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ പരാമവധി ശിക്ഷയായ ജീവപര്യന്ത്യം ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ നിലാപാടെടുടുക്കും. എന്നാൽ, ശിക്ഷയിൽ പരമാവധി ഇളവുനൽകണമെന്നാവശ്യപ്പെടാനാണ് പ്രതിഭാഗം നീക്കം. ഒന്നാം പ്രതി പൾസർ സുനി ഏഴര വർഷവും രണ്ടാം പ്രതി മാർട്ടിനടക്കമുളളവർ ആറര വർഷവും റിമാൻഡ് കാലാവധിയിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. അത് കണക്കാക്കി ശിക്ഷ ഇളവ് ചെയ്യണമെന്നാകും ആവശ്യപ്പെടുക. നടിയെ ബലാൽസംഗം ചെയ്തതിൽ പങ്കില്ലെന്നും അതിന് പിന്തുണ നൽകിയ കുറ്റമാണ് ബലാൽസംഗക്കുറ്റമായി പ്രോസിക്യൂഷൻ വ്യാഖ്യാനിച്ചതെന്നുമാണ് പൾസർ സുനി ഒഴികെയുളള പ്രതികളുടെ അഭിഭാഷകരുടെ നിലപാട്. കേസിൽ എട്ടാം പ്രതിയായ ദിലീപ് അടക്കം നാലുപേരെയാണ് കോടതി വെറുതെ വിട്ടത്. ആദ്യത്തെ ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ളതായാണ് കണ്ടെത്തിയത്. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനയടക്കം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.



