ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ. ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
ബലാത്സംഗക്കുറ്റം എല്ലാവർക്കുമെതിരെ തെളിഞ്ഞിട്ടുണ്ട്. കൃത്യത്തിൻ്റെ ഗ്രാവിറ്റി നോക്കി ശിക്ഷ വിധിക്കരുത്. എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. സമൂഹത്തിന് മുഴുവൻ ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലം. മുൻപും പ്രതികൾ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. എന്നാൽ പ്രതിഭാഗത്തിൻ്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുക.
നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാത്സംഗം ചെയ്യിപ്പിച്ചെന്ന കേസിൽ ദിലീപ് കുറ്റവിമുക്തൻ എന്നാണ് കോടതി വിധി. നടിയെ വാഹനത്തിൽ ബലാത്സംഗം ചെയ്തതായി തെളിഞ്ഞ പൾസർ സുനി അടക്കം ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി. ദിലീപ് അടക്കം നാലു പ്രതികളെ വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ വിധി പറഞ്ഞത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. കൂട്ട ബലാത്സംഗം അടക്കം ഇവർക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ എല്ലാം തെളിഞ്ഞു. ജാമ്യം റദ്ദാക്കിയ പ്രതികളെ വിയ്യൂരിലെ സെൻട്രൽ ജയിലിലെത്തിച്ചു. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഏഴാം പ്രതി ചാര്‍ലി തോമസ്, പ്രതികളെ ജയിലില്‍ സഹായിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഒൻപതാം പ്രതി സനില്‍ കുമാര്‍, തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തപ്പെട്ട പത്താം പ്രതി ശരത് ജി നായര്‍ എന്നിവരാണ് ദിലീപിനൊപ്പം കുറ്റവിമുക്തരാക്കപ്പെട്ടവർ.
അതേസമയം, കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം. നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു.
നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാൾ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ് ദിലീപ് തനിക്കെതിരായ ഗൂഢാലോചനയെന്ന് പറഞ്ഞ് തിരിക്കുന്നത്. അതിന് പിന്നാലെയാണ് താൻ കേസിൽ പ്രതിയായതെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാൽ ദിലീപിന്‍റെ ആരോപണത്തിൽ മഞ്ജുവാര്യർ പ്രതികരിച്ചില്ല. പൊലീസിലെ ചില ക്രിമിനലുകൾ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞുവെന്നും തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാനുമായിരുന്നു യഥാർത്ഥ ഗൂഢാലോചന നടന്നതെന്നുമാണ് ദിലീപിന്‍റെ ആരോപണം. ഇതിന് സമാനമാണ് പ്രതികരണമാണ് ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ളയും നടത്തിയത്. ദിലീപിനെ പ്രതിയാക്കാൻ ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഗൂഢാലോന നടത്തിയെന്ന് കേസിന് മേൽനോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയെ ലക്ഷ്യമിട്ട് ബി രാമൻപിള്ളയും പറഞ്ഞിരുന്നു.
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്നാണ് മന്ത്രിമാരുടെ പ്രതികരണം. രാഷ്ട്രീയ പ്രചാരണത്തിന് അടക്കം കാരണമായ കേസിൽ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധി അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറല്ല. കോടതി വിധി തൃപ്തികരമല്ലെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും പരാജയമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ വിമര്‍ശനം. പിടി തോമസിന്‍റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം.



