നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകുന്ന ഘട്ടത്തിൽ പിടി തോമസിന് സമ്മർദങ്ങൾ ഉണ്ടായിരുന്നെന്ന് ഉമാ തോമസ് എംഎൽഎ. പി.ടിയുടെ കാറിന്‍റെ ബോൾട്ട് അഴിച്ചുമാറ്റിയതിൽ ഇന്നും സംശയങ്ങൾ ബാക്കിയാണെന്നും ഉമ തോമസ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകുന്ന ഘട്ടത്തിൽ പിടി തോമസിന് സമ്മർദങ്ങൾ ഉണ്ടായിരുന്നെന്ന് ഉമാ തോമസ് എംഎൽഎ. പി.ടിയുടെ കാറിന്‍റെ ബോൾട്ട് അഴിച്ചുമാറ്റിയതിൽ ഇന്നും സംശയങ്ങൾ ബാക്കിയാണെന്നും സത്യം പുറത്ത് കൊണ്ടുവരിക മാത്രമായിരുന്നു പി.ടിയുടെ ലക്ഷ്യമെന്നും ഉമ തോമസ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടി ആക്രമണ കേസിൽ മൊഴി നൽകുന്ന ഘട്ടത്തിൽ ചില സമ്മർദങ്ങൾ പി.ടി. തോമസിനു ഉണ്ടായിരുന്നെന്ന് ഭാര്യയും തൃക്കാക്കര എംഎൽഎയുമായ ഉമാ തോമസ്. കേസിൽ പി.ടി ഇടപെടുന്ന സമായത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന കാറിന്‍റെ നാലു വീലുകളുടെയും ബോൾട്ട് അഴിച്ചു മാറ്റിയ സംഭവത്തിൽ ഇന്നും സംശങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഉമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരെയെങ്കിലും കുറ്റക്കാരനാക്കാൻ പി ടി ശ്രമിച്ചിരുന്നില്ലെന്നും സത്യം പുറത്തു കൊണ്ടുവരിക മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും ഉമ ഓർക്കുന്നു. കാറിന്‍റെ ടയറിലെ ബോള്‍ട്ട് അഴിച്ചുമാറ്റപ്പെട്ടതിൽ പലരും സംശയം പറഞ്ഞിരുന്നു. അത് വധശ്രമമാണെന്ന സംശയമുണ്ട്. ഇപ്പോഴും അത് ദുരൂഹമായി തുടരുകയാണെന്നും പിടി തോമസ് പറഞ്ഞു. അതിജീവിതയെ മകളെ പോലെ കണ്ടാണ് പിടി തോമസ് ഇടപെട്ടത്.

ഇന്ത്യൻ ജുഡീഷ്യറിയിൽ എനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും അതുകൊണ്ട് തന്നെ തക്കതായ ശിക്ഷ ഇതിൽ ഇടപെട്ടവർക്ക് ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. അന്നത്തെ രാത്രിയെക്കുറിച്ച് ആലോചിച്ചു പോയി. പിടി വീട്ടിൽ വന്ന് കിടന്നതാണ്. അതിന് ശേഷമാണ് ഫോൺ വന്ന് എഴുന്നേറ്റ് പോയത്. അതുപോലെ തന്നെ തിരിച്ചുവന്നതിന് ശേഷം പിടി അസ്വസ്ഥനായിരുന്നു. സ്വന്തം മകൾക്ക് ഒരു അപകടം സംഭവിച്ചത് പോലെ പിടി അന്നത്തെ രാത്രി ഉറങ്ങിയിട്ടില്ല. അന്ന് പിടി പറഞ്ഞത് നടിക്ക് ധൈര്യം കൊടുക്കുകയും മറ്റൊരാൾക്ക് ഇതുപോലെ സംഭവിക്കാൻ പാടില്ല, അതുകൊണ്ട് നീതിക്ക് വേണ്ടി പോരാടണം എന്ന് പറയുകയും ചെയ്തുവെന്നും ഉമ തോമസ് പറഞ്ഞു.

ആറര വര്‍ഷത്തെ വിചാരണ നടപടിക്കൊടുവിൽ ഡിസംബർ എട്ടിന് വിധി

ആറര വ‌ർഷത്തെ വിചാരണ നടപടിക്കൊടുവിൽ നടിയെ ആക്രമിച്ച കേസിന്‍റെ ശിക്ഷാവിധി വിചാരണ കോടതി ഡിസംബർ എട്ടിന് പറയും. നടൻ ദിലീപ് ഉൾപ്പടെ പത്ത് പ്രതികളുടെ വിചാരണയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൂർത്തിയാക്കിയത്. മലയാള സിനിമ മേഖലയിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ അസാധാരണ കോടതി വ്യവഹാരങ്ങളും തുടരന്വേഷണവുമാണ് വിചാരണ നടപടികൾ വൈകിപ്പിച്ചത്.യുവനടിയെ ബലാത്സംഗം ചെയ്ത് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഏഴ് വർഷമാണ് വിചാരണ നടപടികൾ നീണ്ട് പോയത്. 10 പ്രതികൾ. 280 സാക്ഷികൾ.1600 ഓളം രേഖകൾ എന്നിവയാണ് കോടതിക്ക് മുന്നിലെത്തിയത്. പൾസർ സുനി എന്ന സുനിൽകുമാർ മുഖ്യപ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. സുനിൽ കുമാർ, മാർട്ടിൻ, മണികണ്ഠൻ, വിജീഷ് വി പി, സലിം എച്ച്, പ്രദീപ് തുടങ്ങി ആദ്യ ആറ് പ്രതികളാണ് കേസിൽ നേരിട്ട് പങ്കാളികളായത്. ഏഴാം പ്രതി ചാര്‍ലി പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു. എട്ടാം പ്രതി ദിലീപ് കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി. ഒന്‍പതാം പ്രതി സനില്‍ കുമാര്‍, പത്താം പ്രതി വിഷ്ണു എന്നിവർ ദീലിപിലേക്ക് കണ്ണികളായ അപ്പുണ്ണിയുമായും നാദിര്‍ഷയുമായും സംസാരിക്കാൻ ജയിലിൽ നിന്ന് സഹായം നല്‍കി. തുടരന്വേഷണത്തിൽ പത്താം പ്രതിയായ ശരത് ജി നായർ തെളിവ് നശിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.

YouTube video player