സ്വന്തം മകൾക്കൊരു പ്രശ്നം വന്നത് പോലെ ആയിരുന്നു പിടിയുടെ ഇടപെടൽ. പിടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി എന്നും ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പിടി തോമസിന്റെ ഇടപെടൽ ഓർമിപ്പിച്ച് ഭാര്യയും തൃക്കാക്കര എംഎൽഎയുമായ ഉമ തോമസ്. സ്വന്തം മകൾക്കൊരു പ്രശ്നം വന്നത് പോലെ ആയിരുന്നു പിടിയുടെ ഇടപെടൽ. പി ടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി എന്നും ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ‘ഞാനാദ്യം ആലോചിച്ചത് പിടി ഉണ്ടായിരുന്നെങ്കിൽ എന്നാണ്. ഇന്ത്യൻ ജുഡീഷ്യറിയിൽ എനിക്ക് ഉത്തമ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ തക്കതായ ശിക്ഷ ഇതിൽ ഇടപെട്ടവർക്ക് ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അന്നത്തെ രാത്രിയെക്കുറിച്ച് ഞാൻ ആലോചിച്ചു പോയി. പിടി വീട്ടിൽ വന്ന് കിടന്നതാണ്. അതിന് ശേഷമാണ് ഫോൺ വന്ന് എഴുന്നേറ്റ് പോയത്. അതുപോലെ തന്നെ തിരിച്ചുവന്നതിന് ശേഷം പിടി അസ്വസ്ഥനായിരുന്നു. സ്വന്തം മകൾക്ക് ഒരു അപകടം സംഭവിച്ചത് പോലെ പിടി അന്നത്തെ രാത്രി ഉറങ്ങിയിട്ടില്ല. അന്ന് പിടി പറഞ്ഞത് നടിക്ക് ധൈര്യം കൊടുക്കുകയും മറ്റൊരാൾക്ക് ഇതുപോലെ സംഭവിക്കാൻ പാടില്ല, അതുകൊണ്ട് നീതിക്ക് വേണ്ടി പോരാടണം എന്ന് പറയുകയും ചെയ്തു.’ ഉമ തോമസിന്റെ വാക്കുകളിങ്ങനെ.
ആറര വർഷത്തെ വിചാരണ നടപടിക്കൊടുവിൽ നടിയെ ആക്രമിച്ച കേസിന്റെ ശിക്ഷാവിധി വിചാരണ കോടതി ഡിസംബർ എട്ടിന് പറയും. നടൻ ദിലീപ് ഉൾപ്പടെ പത്ത് പ്രതികളുടെ വിചാരണയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൂർത്തിയാക്കിയത്. മലയാള സിനിമ മേഖലയിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ അസാധാരണ കോടതി വ്യവഹാരങ്ങളും തുടരന്വേഷണവുമാണ് വിചാരണ നടപടികൾ വൈകിപ്പിച്ചത്.
യുവനടിയെ ബലാത്സംഗം ചെയ്ത് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഏഴ് വർഷമാണ് വിചാരണ നടപടികൾ നീണ്ട് പോയത്. 10 പ്രതികൾ. 280 സാക്ഷികൾ.1600 ഓളം രേഖകൾ എന്നിവയാണ് കോടതിക്ക് മുന്നിലെത്തിയത്. പൾസർ സുനി എന്ന സുനിൽകുമാർ മുഖ്യപ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. സുനിൽ കുമാർ, മാർട്ടിൻ, മണികണ്ഠൻ, വിജീഷ് വി പി, സലിം എച്ച്, പ്രദീപ് തുടങ്ങി ആദ്യ ആറ് പ്രതികളാണ് കേസിൽ നേരിട്ട് പങ്കാളികളായത്. ഏഴാം പ്രതി ചാര്‍ലി പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു. എട്ടാം പ്രതി ദിലീപ് കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി. ഒന്‍പതാം പ്രതി സനില്‍ കുമാര്‍, പത്താം പ്രതി വിഷ്ണു എന്നിവർ ദീലിപിലേക്ക് കണ്ണികളായ അപ്പുണ്ണിയുമായും നാദിര്‍ഷയുമായും സംസാരിക്കാൻ ജയിലിൽ നിന്ന് സഹായം നല്‍കി. തുടരന്വേഷണത്തിൽ പത്താം പ്രതിയായ ശരത് ജി നായർ തെളിവ് നശിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.
ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എട്ടാം പ്രതി ദീലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിഞ്ഞാൽ കുറ്റകൃത്യം നടത്തിയവർക്കുള്ള അതേശിക്ഷ തന്നെ ദിലീപിനും അനുഭവിക്കേണ്ടി വരും. കേസിൽ 84 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ 2017 ഒക്ടോബറിലാണ് ദിലീപ് ഹൈക്കോടതി ജാമ്യം നൽകി. ഒരാളൊഴികെ കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലാണ്. ഏഴ് വർഷത്തിന് ശേഷവും വിചാരണയിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് മുഖ്യപ്രതി സുനിൽകുമാറിന് സുപ്രീം കോടതി കഴിഞ്ഞ വർഷം ജാമ്യവും അനുവദിച്ചത്. കേസിലെ മുഴുവൻ പ്രതികളോടും വിധി പറയുന്ന ദിവസം കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.
2018ലാണ് ആദ്യഘട്ട വിചാരണ നടപടികൾ തുടങ്ങിയത്, കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷൻ ദുർബലമാകുന്നുവെന്ന സംശയത്തിനിടെ 2021 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലാണ് കേസിന്റെ ഗതി മാറ്റിവിട്ടത്. ഇതിൽ ഒന്നരവർഷം തുടരന്വേഷണം നടന്നു. ഒടുവിൽ 2024 ജനുവരിയിലാണ് അന്തിമ വാദം തുടങ്ങിയത്. ഇതിനിടെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ ഹർജി മുതൽ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഉൾപ്പടെ നൂറോളം അപേക്ഷകളാണ് കീഴ്കോടതി മുതൽ സുപ്രീം കോടതി വരെ പരിഗണിച്ചത്.
സുനിൽകുമാറിന്റെ നാടകീയമായ കീഴടങ്ങൽ മുതൽ, മെമ്മറി കാർഡിനായി കൊച്ചി കായലിൽ നടത്തിയ തെരച്ചിൽ, മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ ജില്ല കോടതിയിലേക്ക് അടക്കം നീങ്ങിയ ചോദ്യശരങ്ങൾ അങ്ങനെ കേട്ടുകേൾവിയില്ലാത്ത സംഭവപരമ്പരകളാണ് നടിയെ ആക്രമിച്ച കേസിൽ കണ്ടത്. വിചാരണയ്ക്കിടെ ഇടവേള ബാബു. ബിന്ദു പണിക്കർ. സിദ്ദിഖ്, ഭാമ ഉൾപ്പടെ 28 പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയതും കോടതിയുമായുള്ള നിരന്തര കലഹത്തിനൊടുവിൽ രണ്ട് പ്രോസിക്യൂട്ടർമാർ രാജിവച്ചൊഴിഞ്ഞതും തിരിച്ചടിയായി. സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ലിയുസിസിയുടെ പിറവി, ഷൂട്ടിംഗ് സെറ്റുകളിലും സ്ത്രീകൾക്കായി പരാതി പരിഹാര സെൽ വേണമെന്ന ഹൈക്കോടതി വിധി, ഹേമ കമ്മിറ്റി റിപ്പോർട്ടും വെളിപ്പെടുത്തലുകളും തുടങ്ങി സമൂഹത്തിലും സ്ത്രീസുരക്ഷയിലും വലിയ മാറ്റങ്ങൾക്ക് വഴിവെച്ച കേസിലാണ് കേരളം കാത്തിരിക്കുന്ന വിധി.



