നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യ സാധ്യത അന്വേഷിക്കുകയാണ് കോൺ​ഗ്രസും സിപിഎമ്മും. പാലക്കാട്ട് സഖ്യസാധ്യത തള്ളാതെയാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം. ഇതിന് അനുകൂലമായി തന്നെയാണ് സിപിഎമ്മിൻ്റേയും പ്രതികരണം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ പാലക്കാട് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യ സാധ്യത അന്വേഷിക്കുകയാണ് കോൺ​ഗ്രസും സിപിഎമ്മും. പാലക്കാട്ട് സഖ്യസാധ്യത തള്ളാതെയാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം. ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോർക്കാൻ കഴിയുമോ എന്ന് അറിയില്ലെന്നും എ തങ്കപ്പൻ പറഞ്ഞു. ബിജെപിയെ മാറ്റി നിർത്താൻ ആവശ്യമെങ്കിൽ സ്വതന്ത്രനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് നഗരസഭയിൽ മതേതര സഖ്യസാധ്യത തള്ളാതെയാണ് സിപിഎമ്മിൻ്റേയും പ്രതികരണം. ബിജെപി ഭരണം ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യും. ജമാഅത്ത ഇസ്ലാമിയുമായി സഹകരിക്കുന്ന കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് പറഞ്ഞു. അതിനിടെ, പാലക്കാട് ന​ഗരസഭയിൽ മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച് റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മതേതര മുന്നണിക്ക് പിന്തുണ നൽകുമെന്നും എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാർട്ടി പുറത്താക്കിയ ആളായതിനാൽ സ്വതന്ത്രനായി തുടരുമെന്നും റഷീദ് പറഞ്ഞു.

അതിനിടെ, പാലക്കാട്ടെ മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപി രം​ഗത്തെത്തി. സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും മതേതര സഖ്യമല്ല, മാങ്കൂട്ടം സഖ്യമെന്ന് സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പ്രതികരിച്ചു. പാലക്കാട് ജനവിധി അടിമറിക്കാനാണ് ഇവരുടെ നീക്കമെന്നും ഇ കൃഷ്ണദാസ് പറഞ്ഞു. 

പാലക്കാട് നഗരസഭയില്‍ സ്വതന്ത്രരരുടെ നിലപാട് നിര്‍ണായകമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്താല്‍ ഭരണത്തില്‍ നിന്ന് പുറത്താകും. അല്ലാത്തപക്ഷം പാലക്കാട് നഗരസഭയില്‍ ബിജെപി ഹാട്രിക് അടിക്കും. 53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളില്‍ ജയിച്ചു. യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് 8 വാര്‍ഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതില്‍ 2 പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്.

YouTube video player