Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാ‍ർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ഹൈക്കോടതി, കീഴ്കോടതി ഉത്തരവ് റദ്ദാക്കി

രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറൻസിക് ലാബിലേക്ക് മെമ്മറി കാർഡ് അയക്കണം, പരിശോധനാഫലം സീൽ വച്ച കവറിൽ കൈമാറണമെന്നും കോടതി

Actress attack case, High court allows to conduct Forensic test of Memory card
Author
Kochi, First Published Jul 5, 2022, 10:51 AM IST

കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി മെമ്മറി കാ‍ർഡ് ശാസ്ത്രീ.യ പരിശോധനയ്ക്ക് അയക്കാൻ നിർദേശിച്ചത്. ഉത്തരവ് കിട്ട് രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറൻസിക് ലാബിലേക്ക് മെമ്മറി കാർഡ് അയക്കണം. 7 ദിവസത്തിനുള്ള പരിശോധനാഫലം കോടതിക്ക് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. സീൽ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയുടെ കസ്റ്റഡിയിലെത്തിയ ശേഷമാണ് ഹാഷ് വാല്യുവിന് മാറ്റം വന്നതെങ്കിൽ അത് അന്വേഷിക്കാന്‍  പൊലീസിന് അധികാരമില്ല. എന്നിരുന്നാലും ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം വിചാരണയോ തുടരന്വേഷണമോ ഇക്കാര്യത്താൽ നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ചിട്ടുള്ള സമയം. 

കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി വിദഗ്‍ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ  കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ആരോ പരിശോധിച്ചു എന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങൾ ചോർന്നോ എന്ന് പരിശോധിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും ആയിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. 

Follow Us:
Download App:
  • android
  • ios