നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി അടക്കമുള്ള ആറ് പ്രതികളുടെ ശിക്ഷാ വിധി ഇന്ന് . പ്രതികൾക്ക് ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുമ്പോൾ, തടവിൽ കഴിഞ്ഞ കാലയളവ് പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിക്കുന്നു.

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷാ വിധി ഇന്നുണ്ടാകും. കണ്ടെത്തിയ എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. ഒരേ കുറ്റമാണ് തെളിയിക്കപ്പെട്ടട്ടുളളതെങ്കിലും കൃത്യത്തിലെ പങ്കാളിത്തം പരിഗണിച്ച് ഓരോരുത്തരുടെയും ശിക്ഷ വേവ്വെറെ പരിഗണിക്കണമെന്ന് ഇന്നത്തെ അന്തിമ വാദത്തിൽ ആവശ്യപ്പെടും. ആറ് പ്രതികളുടെ ശിക്ഷയിൽ വാദം ഇന്നുണ്ടാകും . ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ വെക്കുന്ന ആവശ്യം. ഏഴര വർഷം തടവ് അനുഭവിച്ചതിനാൽ ഇളവ് വേണമെന്ന് ആവശ്യപ്പെടാനാണ് പൾസർ സുനി ശ്രമിക്കുക.

ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർക്കും എന്ത് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടാനുളള അവസരം ഇന്നുണ്ടാകും. സമൂഹത്തിന് മുഴുവൻ ഭീഷണിയാണ് ഈ പ്രതികളെന്നും ഇവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വി അജകുമാർ ആവശ്യപ്പെടും. ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ പരമാവധി ശിക്ഷയായ ജീവപര്യന്ത്യം വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലാപാട്. 

ശിക്ഷയിൽ പരമാവധി ഇളവുനൽകണമെന്നാവശ്യപ്പെടാനാണ് പ്രതിഭാഗം നീക്കം. ഒന്നാം പ്രതി പൾസർ സുനി ഏഴര വർഷവും രണ്ടാം പ്രതി മാർട്ടിനടക്കമുളളവർ ആറര വ‍ർഷവും റിമാൻഡ് കാലാവധിയിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. അത് കണക്കാക്കി ശിക്ഷ ഇളവ് ചെയ്യണമെന്നാകും ആവശ്യപ്പെടുക. നടിയെ ബലാൽസംഗം ചെയ്തതിൽ പങ്കില്ലെന്നും അതിന് പിന്തുണ നൽകിയ കുറ്റമാണ് ബലാൽസംഗക്കുറ്റമായി പ്രോസിക്യൂഷൻ വ്യാഖ്യാനിച്ചതെന്നുമാണ് പൾസർ സുനി ഒഴികെയുളള പ്രതികളുടെ അഭിഭാഷകരുടെ നിലപാട്. 

കേസിൽ എട്ടാം പ്രതിയായ ദിലീപ് അടക്കം നാലുപേരെയാണ് കോടതി വെറുതെ വിട്ടത്. ആദ്യത്തെ ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ളതായാണ് കണ്ടെത്തിയത്. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനയടക്കം തെളിയിക്കാൻ പ്രോസിക്യൂഷന് കഴി‍ഞ്ഞില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.