ഒരുപക്ഷേ ആരുമറിയാതെ പോകുമായിരുന്ന ക്രൂര കുറ്റകൃത്യം നടന്ന രാത്രി അപ്രതീക്ഷതമായെത്തിയ പിടി തോമസിന്റെ നീരീക്ഷണവും ഇടപെടലുമാണ് കേസിൽ നിർണായകമായത്. മരണം വരെയും തന്റെ മൂല്യങ്ങളെ പിടി ചേർത്തുപിടിച്ചിരുന്നുവെന്ന് ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: മലയാള സിനിമയെയാകെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസ് നിയമവഴിയിലേക്കെത്തിയത് തൃക്കാക്കര മുൻ എംഎൽഎ പിടി തോമസിന്റെ ഇടപെടൽ മൂലം. ഒരുപക്ഷേ ആരുമറിയാതെ പോകുമായിരുന്ന ക്രൂര കുറ്റകൃത്യം നടന്ന രാത്രി അപ്രതീക്ഷിതമായെത്തിയ പിടി തോമസിന്റെ നീരീക്ഷണവും ഇടപെടലുമാണ് കേസിൽ നിർണായകമായത്. മരണം വരെയും തന്റെ മൂല്യങ്ങളെ പിടി ചേർത്തുപിടിച്ചിരുന്നുവെന്ന് ഉമ തോമസ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞൊരു രാഷ്ട്രീയ നേതാവിന്റെ ഇടപെടലുകൾ കൂടിയായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ നാൾവഴികൾ. നിയ്ക്കാതെയെത്തിയ ഒരു ഫോണ്‍ കോളിന്റെ തലയ്ക്കൽ അയാളെത്തിയതു മുതൽ തുടങ്ങുന്നു ആ നിയമപോരാട്ടത്തിന്റെ കഥയും. നടി ആക്രമിക്കപ്പെട്ടത് ഫെബ്രുവരി 17ന് രാത്രി 11.30നായിരുന്നു. തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോണ്‍ നിർത്താത്തെ റിംങ് ചെയ്തു. മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു. ചെറിയ പ്രശ്നമുണ്ടെന്നും നടൻ ലാലിന്റെ വീട്ടിലേക്ക് ഉടനെ തിരിക്കണമെന്നും സന്ദേശം ലഭിക്കുകയായിരുന്നു. പിടിയും ആന്റോയുമെത്തുമ്പോൾ ലാലും അതിജീവിതയും ഒരുമിച്ചുണ്ടായിരുന്നു. വീടിനു പുറത്തെ കസേരയിൽ അതിജീവിതയുടെ ഡ്രൈവർ മാർട്ടിനും ഉണ്ടായിരുന്നു.
മൂടിക്കെട്ടിയ വീടിനകത്ത് നിന്നും ലാലിന്റെ ശബ്ദമുയർന്നു. അറിഞ്ഞതോരോന്നായി പിടിയോടും ആന്റോയോടും ലാൽ വിവരിച്ചു. ഒപ്പം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും അന്നത്തെ ഐജി വിജയനും ലാലിന്റെ വിളികളെത്തിയിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം വീട്ടിലേക്ക് തിരിച്ചു. അതിജീവിതയോടും ഫോണിൽ സംസാരിച്ച ഉന്നത ഉദ്യോഗസ്ഥർക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. നടന്നത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമായി. പ്രതികൾ കൈയകലത്തിലുണ്ടെന്നായിരുന്നു നിഗമനം. ഇതിനിടെ ഡ്രൈവറുടെ നീക്കങ്ങളിലും പിടി പൊലീസിനോട് സംശയം പറഞ്ഞു. പിന്നീട് കാലം അതും ശരിയെന്ന് തെളിയിക്കുകയായിരുന്നു.
പ്രതിപക്ഷ നിരയിലായിരുന്ന പിടിയുടെ ശബ്ദം അതിജീവിതയ്ക്കായി നിരന്തരമുയർന്നു. പൊലീസ് നിഷ്ക്രിയത ചോദ്യം ചെയ്യപ്പെട്ടു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അതിരൂക്ഷമായി വിമർശിക്കാനും പിടി തോമസിന് കൂടുതൽ ആലോചിക്കേണ്ടിയിരുന്നില്ല. പ്രതി കൊച്ചി വിട്ടില്ലെന്ന് അറിയുന്ന പൊലീസ് ആദ്യ മണിക്കൂറിൽ അനങ്ങാതെയിരുന്നതും പിടി പുറംലോകത്തോട് വിളിച്ചുപറഞ്ഞു. കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ പിടി തോമസിന്റെ വാക്കുകളുടെ ചൂട് പൊലീസും സർക്കാരുമറിഞ്ഞു. 2021 ൽ അർബുദത്തോടും പോരാടി വിഴും വരെയും ആ ശബ്ദം നിലപാടിന്റെ ഉറച്ചമുഷ്ടിപോൽ നിലകൊണ്ടു. സിനിമ ചരിത്രത്തിലെ വിപ്ലവരേഖപോൽ അവതരിപ്പിക്കപ്പെട്ട ഹേമകമ്മിറ്റി റിപ്പോർട്ടിലെത്തി നിൽക്കുന്നു ആ സമരജീവിതത്തിലെ ഇടപെടലുകൾ.



