നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇന്ന് പിന്‍മാറിയിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച കേസ് പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുക. നാളെയാണ് കേസ് ഇദ്ദേഹം പരിഗണിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇന്ന് പിന്‍മാറിയിരുന്നു. ബെഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഇന്ന് ഇതേ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തു. ഓപൺ കോടതിയിൽ നടിയുടെ അഭിഭാഷക ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. വിചാരണ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹർജി പരിഗണിക്കാൻ ആകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. തുടർന്നാണ് പിൻമാറുന്നതായി ജഡ്ജി അറിയിച്ചത്.