കൊച്ചി: കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍റിലുള്ള നാല് പ്രതികളെയാണ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അതിനിടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ ആറ് പേരെയാണ് കേസിൽ പിടികൂടിയത്. കൂടുൽ പെൺകുട്ടികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് വിവരം. നാല് പെൺകുട്ടികള്‍കൂടി ഇവര്‍ക്കെതിരെ പരാതിയുമായും വന്നിട്ടുണ്ട്.  

അതിനിടെ കേസിലെ പ്രതിയായ തൃശ്ശൂർ സ്വദേശി അബദുൾ സലാമിനെ പൊലീസ് പിടികൂടിയിരുന്നു. ഷംന കാസിമിന്‍റെ വീട്ടിൽ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തിൽ അബദുൾ സലാമും ഉൾപ്പെട്ടിരുന്നു. കേസിൽ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങാനെത്തിയത്. അബദുൾ സലാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

 ഷംനാ കാസിമിന്‍റെ പരാതി പുറത്തുവന്നതിന് പിന്നാലെയാണ് യുവമോഡൽ അടക്കമുള്ളവർ പരാതിയുമായെത്തിയത്. പ്രതികൾ സ്വർണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു. ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. തട്ടിപ്പ് സംഘം എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.