എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ ജൂലൈ 19ന്  പുറത്തിറക്കിയ സര്‍ക്കുലറില്‍ പറ‍ഞ്ഞിരുന്നത്. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്ര നടത്തിപ്പിന് പൊലീസുകാരില്‍ നിന്ന് പണപ്പിരിവ് നടത്താനുള്ള സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനം വിലക്കി എഡിജിപി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എംആര്‍ അജിത് കുമാറാണ് ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. ക്ഷേത്ര നടത്തിപ്പിന് പണം പിരിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥരില്‍ തന്നെ അതൃപ്തി ഉടലെടുത്തിരുന്നു.

മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ ജൂലൈ 19ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറ‍ഞ്ഞിരുന്നത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. സോഷ്യല്‍ മീഡിയയിലും സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നു. ഇതിന് പിന്നാലെയാണ് തീരുമാനം വിലക്കിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എഡിജിപിയുടെ നിര്‍ദേശം ലഭിച്ചത്. മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പ് വര്‍ഷങ്ങളായി കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥരില്‍ നിന്ന് പണം പിരിക്കാനുള്ള നിര്‍ദേശം നേരത്തെയും വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

Read also: പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോള്‍ ക്ഷണവും; പലരും പെട്ടുപോയ തട്ടിപ്പിനെക്കുറിച്ച് പൊലീസ്