'എഡിജിപി സർവ്വശക്തൻ, ശശി സാർ പറയുന്നതെല്ലാം ചെയ്തുകൊടുക്കും', പിവി അൻവറും പത്തനംതിട്ട എസ്പിയും തമ്മിലെ സംഭാഷണം
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു
പത്തനംതിട്ട: ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പത്തനംതിട്ട എസ്പി എസ് സുജിത്ദാസിന്റെ സംഭാഷണം ആഭ്യന്തര വകുപ്പിന് തലവേദന ആയി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ് വലയത്തിലാണെന്ന് അൻവർ പറയുമ്പോൾ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയിൽ.
കാര്യങ്ങൾ തീരുമാനിക്കുന്നത്, എംആർ അജിത് കുമാറാണ്. അദ്ദേഹം പൊളിട്ടിക്കൽ സെക്രട്ടറി ശശി സാറിന്റെ വലംകൈയാണ്. എന്ത് മാജിക്കാണ് അജിത് കുമാറിന്റെ കയ്യിലുള്ളത് എന്ന് പിവി അൻവര്‍ എംഎൽഎ ചോദിക്കുമ്പോൾ, ശശി സാര്‍ പറയുന്ന കാര്യങ്ങളെല്ലാം അജിത് സാര്‍ ചെയ്ത് കൊടുക്കാറുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്മാര്‍ക്ക് എന്താണ് പണിയെന്ന് നോക്കൂ എന്നായിരുന്നു എസ്പിയുടെ മറുപടി. അവരാണ് ഈ പണമെല്ലാം കൈകാര്യം ചെയ്യുന്നതെന്നും അത് എന്നോട് പറയാതിരുന്നിട്ട് എന്തിനാണെന്ന് അൻവര്‍ ചോദിക്കുന്നു. അയാളുടെ സൂഹൃത്ത് വലയം അറിയാലോ, എല്ലാ ബിസിനസുകാരും അയാളുടെ സുഹൃത്തുക്കളാണെന്നും അൻവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനാണ് ആ പൊട്ടനെ അവിടെ എസ്പിയായി നിയമിച്ചിരിക്കുന്നതെന്നായിരുന്നു എസ്പി പറഞ്ഞത്. പൊട്ടൻ കല്ലും മണ്ണും ചുമന്ന് നടക്കുവാണെന്നും അദ്ദേഹം കടന്നുപറയുന്നുണ്ട്. പാലക്കാട് ഇരിക്കുന്ന ഡയറ്ക്ട് ഓഫീസര്‍ അജിത് കുമാറിന്റെ അടിമക്കണ്ണാണ്. അവിടെയുള്ള എസ്പിമാര്‍ക്കൊന്നും ഒരു റോളുമില്ല, എല്ലാം അയാളുടെ കയ്യിലാണ്. റേഞ്ച് അടക്കി ഭരിക്കാൻ അപ്പുറത്തും ഇപ്പുറത്തും രണ്ട് പൊട്ടൻമാരെ നിയമിച്ചിട്ടുണ്ട്. അത് മനിസിലാക്കാൻ അന്താരാഷ്ട്രാ ബുദ്ധിയൊന്നും വേണ്ടല്ലോ എന്നും എസ്പി സുജിത് ദാസ് പറയുന്നു. എല്ലാം പാര്‍ട്ടി മനസിലാക്കട്ടെ എന്നായിരുന്നു ഒടുവിൽ പിവി അൻവര്‍ പറഞ്ഞത്.