ഗുണ്ടാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ അപകടം ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിനിമ പ്രവർത്തകരുടെ യോഗം വിളിക്കുമെന്ന് മനോജ് എബ്രഹാം..
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ പിടികൂടാന്‍ പ്രത്യേക പദ്ധതി ഒരുക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം. ഗുണ്ടാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ അപകടം ചെയ്യുന്നുവെന്ന് മനോജ് എബ്രഹാം അഭിപ്രായപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിനിമ പ്രവർത്തകരുടെ യോഗം വിളിക്കും. സാമൂഹിക പ്രതിബന്ധ ചലച്ചിത്രങ്ങളിൽ വേണം. കേന്ദ്ര സർക്കാരിൻ്റെ സഹകരണത്തോടെ അപകടകാരികളായ ഗെയിമുകളെ തടയിടുമെന്നും എഡിജിപി മനോജ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന 'മലയാളികളെ ശാന്തരാകൂ' ലൈവത്തോണിലായിരുന്നു മനോജ് എബ്രഹാമിൻ്റെ പ്രതികരണം. കഴിഞ്ഞ രണ്ട് മാസം നടന്ന 63 കൊലപാതകങ്ങളിൽ 50 എണ്ണവും വീടുകളിലും പരിസരങ്ങളിലും സുഹൃത്തുക്കളിലുമുണ്ടായ തർക്കമാണ്. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണ്. ലഹരിക്കെതിരെ വലിയ പ്രതിരോധം ആവശ്യമാണെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും എല്ലാം സഹകരിച്ച് മുന്നോട്ട് പോകുമെന്നും എഡിജിപി മനോജ് എബ്രഹാം കൂട്ടിച്ചേര്‍ത്തു. കേരള പെലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍ തുടർച്ചയായി ഉണ്ടാകും. ചെറിയ വിൽപ്പനക്കാരെ മാത്രമല്ല, വൻ വിതരണക്കാരെ പിടികൂടാനും പദ്ധതി തയ്യാറാക്കി. മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളമായും പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും എഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
