എല്ലാ കാര്യങ്ങളും പരിശോധിക്കും.രണ്ട് ദിവസം വയനാട്ടിൽ തുടരും.സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കും
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന എഡിജിപി മനോജ് എബ്രഹാം കല്‍പ്പറ്റയിലെത്തി.മാനന്തവാടി ഡിവൈഎസ്‍പിക്കാണ് അന്വേഷണ ചുമതല.സമഗ്രയമായ അന്വേഷണം നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മനോജ് എബ്രഹാം പറഞ്ഞു.റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കും.അന്വേഷണം തുടങ്ങുന്നേയുള്ളൂ.സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.ഗാന്ധി ചിത്രം തകർന്നതുൾപ്പടെ അന്വേഷിക്കും.എല്ലാ കാര്യങ്ങളും പരിശോധിക്കും
രണ്ട് ദിവസം വയനാട്ടിൽ തുടരും.സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെത്തി പോലീസ് വിശദമായ മഹസർ തയ്യാറാക്കി.കമ്പളക്കാട് സി.ഐ. സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസിലെത്തിയത്.ഓഫീസ് ജീവനക്കാരിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തുത്തിട്ടുണ്ട്.
രാഹുൽ വയനാട്ടിലേക്ക്
ഇതിനിടയിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഈ മാസം അവസാനം വയനാട്ടിലെത്തും. ജൂൺ 30, ജൂലൈ 1,2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ആക്രമിച്ചിരുന്നു.. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
രാഹുലിന്റെ ഓഫീസ് ആക്രമണം : കേരളത്തിൽ വാക്പോര്, ദില്ലിയിൽ സൗഹാർദ്ദ ചർച്ച
വയനാട്ടിൽ രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കേരളത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം കടുപ്പിക്കുമ്പോൾ ദില്ലിയിൽ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് വിഷയം ചർച്ച ചെയ്ത് യെച്ചൂരിയും രാഹുലും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ നാമനിർദേശ പത്രികാ സമർപ്പണ ചടങ്ങാണ് നേതാക്കളെ ഒരുമിപ്പിച്ചത്. സംസാരത്തിനിടെ വയനാട്ടിൽ തന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം രാഹുൽ യെച്ചൂരിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്തിനായിരുന്നു ഇങ്ങനെ ഒരു ആക്രമണമെന്ന് രാഹുൽ ചോദിച്ചു. ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും സംഭവത്തിൽ നടപടി എടുത്തുവെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. ഇക്കാര്യം താനറിഞ്ഞെന്ന് രാഹുലും പറഞ്ഞു. സംഭവത്തിൽ കേരളത്തിലെ നേതാക്കൾക്ക് അമർഷമുണ്ടെന്നും തനിക്ക് നിരവധി കോളുകൾ ലഭിച്ചതായും രാഹുൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ സംഭവത്തിന്റെ പേരിൽ ദില്ലി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത് എന്തിനായിരുന്നുവെന്ന് യെച്ചൂരി രാഹുലിനോട് ചോദിച്ചു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം എന്തിനായിരുന്നു. മുഖ്യശത്രു ബിജെപിയാണെന്ന് കേരളത്തിലെ നേതാക്കളെ ഉപദേശിക്കണമെന്ന് യെച്ചൂരി രാഹുലിനോട് നിർദേശിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലുൾപ്പെടെ ഇരു പാർട്ടികളും ഒരുമിച്ചാണ് വോട്ട് ചെയ്യുന്നത് എന്നതും യെച്ചൂരി ഓർമിപ്പിച്ചു. സൗഹൃദ സംഭാഷണം അര മണിക്കൂറോളം നീണ്ടു. ഓഫീസ് ആക്രമിച്ച വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഓഫീസ് ആക്രമണം ഉന്നയിച്ച് ഭരണപക്ഷത്തെ മുൾമുനയിലാക്കാൻ കോൺഗ്രസും പ്രതിരോധിക്കാൻ സിപിഎമ്മും സംസ്ഥാനത്ത് വാശിയോടെ പോരാടുമ്പോഴാണ് ഇരു പാർട്ടികളുടെയും നേതാക്കൾ സൗഹാർദ്ദപരമായി വിഷയം ചർച്ച ചെയ്തത് എന്നതും ശ്രദ്ധേയം.
