എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേര്‍ക്ക്
എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയർ ഡിജിപിയാണ് കെ പത്മകുമാർ.
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനെയോ ബൽറാം കുമാറിനോ നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി കെ പത്മകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. സീനിയർ ഡിജിപിയാണ് കെ പത്മകുമാർ.
പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ എംആർ അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ ഉന്നതർക്കെതിരെയും പി ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപിയെ വേദിയിലിരുത്തി ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതല നിന്നും മാറ്റി നിര്‍ത്തുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
Also Read: എഡിജിപി അജിത് കുമാറിന്റെ 'കൊട്ടാരം' കവടിയാര്‍ പാലസിന് അരികെ, കോടികളുടെ ഭൂമി, പടുകൂറ്റന്‍ വീട്
അതേസമയം, എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ എംഎൽഎ ഉന്നയിക്കുന്നത്. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോയും പി വി അന്‍വര്‍ എംഎൽഎ പുറത്തുവിട്ടു. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.
എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നതെന്ന് പി വി അൻവർ ആരോപിച്ചു. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അൻവർ ചോദിക്കുന്നു.