മുഖ്യമന്ത്രിക്കെതിരായ പരാതിയുമായി അടൂർ പ്രകാശ് കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുന്നു. പാർട്ടിയിലെ ഏകോപനമില്ലായ്മയും തീരുമാനങ്ങളിലെ അതൃപ്തിയും ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരെ അദ്ദേഹം നേരിൽ കാണും. വിഷയത്തിൽ വി.ഡി സതീശനും ദേശീയ നേതൃത്വത്തെ നിലപാട് അറിയിക്കാനിരിക്കെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്.
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ പരാതി അടൂര്‍ പ്രകാശ് നാളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കും. പിസിസി പ്രസിഡന്‍റുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്ന സണ്ണി ജോസഫും സംസ്ഥാനത്തെ സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ദില്ലിയിൽ പറയുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രകാശിന്‍റെ പരാതിയോടുളള ഹൈക്കമാന്‍ഡ് നീക്കമെന്തെന്നറിഞ്ഞ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിഡി ക്യാമ്പിന്റെ തീരുമാനം.
പറഞ്ഞ കാര്യങ്ങള്‍ക്ക് പരസ്യ പിന്തുണ നല്‍കിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ സമീപനങ്ങളില്‍ അതൃപ്തിയുളള സമാനമനസ്കര്‍ പാര്‍ട്ടിയില്‍ ഇനിയുമുണ്ടെന്ന് പ്രകാശ് വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ചില കോണുകളില്‍ നിന്ന് വിമര്‍ശനമുണ്ടായിട്ടു പോലും പരാതിയുമായി ഡല്‍ഹിക്കു പോകാനുളള പ്രകാശിന്‍റെ തീരുമാനം. ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെയും കഴിയുമെങ്കില്‍ സോണിയാഗാന്ധിയെയും നേരില്‍ കാണാനാണ് പ്രകാശിന്‍റെ ശ്രമം. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതി ഡല്‍ഹി യാത്രയ്ക്കു മുന്നോടിയായി പ്രകാശ് തയാറാക്കിക്കഴിഞ്ഞു.
ഇതിനിടയിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെയും ഡല്‍ഹി യാത്ര. പിസിസി അധ്യക്ഷന്‍മാരെല്ലാം പങ്കെടുക്കുന്ന യോഗത്തിനാണ് സണ്ണി ജോസഫ് ഡല്‍ഹിയിലെത്തുന്നതെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങളിലെ തന്‍റെ നിലപാട് ദേശീയ നേതൃത്വത്തെ അദ്ദേഹം ധരിപ്പിക്കുമെന്നാണ് വിവരം. ബുധനാഴ്ചത്തെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശിന്‍റെ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയെന്നാണ് സൂചന. പാര്‍ട്ടി വിഷയങ്ങള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യുമെന്ന മറുപടിയില്‍ പ്രതികരണമൊതുക്കിയ ശേഷം ദേശീയ നേതൃത്വത്തിനു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതാകും ഉചിതമെന്ന നിലപാടിലാണ് സതീശന്‍. എന്നാല്‍ പ്രകാശ് നടത്തിയത് പരസ്യമായ അച്ചടക്ക ലംഘനവും വെല്ലുവിളിയുമാണെന്നും പരസ്യമായി തന്നെ അതിനു മറുപടി പറയണമെന്നുമുളള ഒരു വിഭാഗം നേതാക്കളുടെ സമ്മര്‍ദവും സതീശനു മുകളിലുണ്ട്. പുതിയ പ്രസിഡന്‍റിന്‍റെ നിയമന കാര്യത്തിലും പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനത്തിനു സമിതിയെ നിയോഗിക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നുമുണ്ട്.
