ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എ സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ. ഗീനാ കുമാരിക്ക് പകരമാണ് സന്തോഷ് കുമാറിൻ്റെ നിയമനം.  

തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അഡ്വ. എ സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. 2011-15 കാലയളവിൽ ജില്ലാ ഗവ. പ്ലീഡർ ആയിരുന്നു സന്തോഷ് കുമാർ. പ്രോസിക്യൂട്ടറായിരുന്ന ഗീനാ കുമാരിക്ക് പകരമാണ് സന്തോഷ് കുമാറിനെ നിയമിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ സന്തോഷ് കുമാർ പ്രോസിക്യൂഷന് വേണ്ടി തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹാജരാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം, ചെറിയതുറ വെടിവെപ്പ് തുടങ്ങിയ കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു എ സന്തോഷ് കുമാർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വേണ്ടി സന്തോഷ് കുമാർ പല തവണ ഹാജരായിട്ടുണ്ട്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച ഇഡിയുടെ വാദം കേൾക്കുമ്പോഴാണ് സന്തോഷ് കുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്. 12-ാം പ്രതി ലെനിൽ രാജിൻ്റെ ജാമ്യാപേക്ഷയിലും കോടതി വിശദമായ വാദം കേൾക്കുന്നുണ്ട്. നേരത്തെ, ഒൻപതാം പ്രതി ഹരീഷിനെ വീണ്ടും കസ്റ്റഡിയിൽ വേണ്ടെന്ന് പ്രോസിക്യൂട്ടർ ഗീനാ കുമാരി കോടതിയെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചു കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. തുടർന്ന് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് പ്രോസിക്യൂട്ടർ ഒത്തുകളിച്ചുവെന്ന് പൊലീസ് ആരോപിച്ചിരുന്നു. പോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മീഷണർക്ക് കത്തും നൽകിയിരുന്നു.

അതേസമയം ഗീനാ കുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റുന്നതായുള്ള ഉത്തരവ് വൈകിട്ട് പുറത്തിറങ്ങും. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഹൈക്കോടതിയിലും അപ്പീൽ സമർപ്പിക്കും. ഇതിൽ ഗീനാ കുമാരിയെ എതിർകക്ഷിയാക്കാനാണ് പൊലീസിൻ്റെ അസാധാരണ തീരുമാനം. കേസിലെ പ്രോസിക്യൂട്ടറെ എതിർകക്ഷിയാക്കി അപ്പീൽ നൽകുന്നത് അസാധാരണമാണ്.