സ്ഥാനാർത്ഥി പ്രഖ്യാപവുമായി ബന്ധപ്പെട്ട ട്രോളുകളെ ഭയക്കുന്നില്ലെന്നും അതിനെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്നും അരുൺ കുമാർ
കൊച്ചി: തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് അഡ്വ.കെ എസ് അരുൺ കുമാർ. സ്ഥാനാർഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്നും വിജയം നേടി ഇടതു മുന്നണി നിയമസഭയിൽ സെഞ്ച്വറി തികയ്ക്കുമെന്നും അരുൺ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപന അഭ്യൂഹങ്ങൾക്ക് പിന്നാലെ ആദ്യമായാണ് അരുൺ കുമാറിന്റെ പ്രതികരണം.
സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോടും ചുവരെഴുത്തുകളോടും പ്രതികരിക്കാൻ തയ്യാറാകാതിരുന്ന അരുൺ കുമാർ, അതെല്ലാം ഇടത് നേതാക്കൾ വിശദീകരിച്ചല്ലോ എന്ന് പറഞ്ഞൊഴിഞ്ഞു.
ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയെ എൽഡിഎഫ് കൺവീനറും നേതാക്കളും ചേർന്ന് ഇന്നാണ് പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിക്ക് വേണ്ടി ആവശോജ്ജലമായ പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. എൽഡിഎഫിന്റെ സ്ഥാനാർത്ഥി മികച്ച ഡോക്ടറും മികച്ച പൊതുപ്രവർത്തകനും മികച്ച എഴുത്തുകാരനുമാണ്. ഇത്തവണത്തെ വിജയത്തോടെ സെഞ്ചുറി തികയ്ക്കാൻ ഇടത് മുന്നണിക്ക് കഴിയും. സ്ഥാനാർത്ഥി പ്രഖ്യാപവുമായി ബന്ധപ്പെട്ട ട്രോളുകളെ ഭയക്കുന്നില്ലെന്നും അതിനെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോ ജോസഫാണ്. നേരത്തെ കെ എസ് അരുൺകുമാർ സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. മാധ്യമങ്ങളെല്ലാം അരുൺകുമാറാണ് എൽഡിഎഫ് സ്ഥാനാർഥിയെന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ചുമരെഴുത്തും നടന്നു. എന്നാൽ, അപ്രതീക്ഷിതമായിട്ടാണ് അവസാനം ജോ ജോസഫിന്റെ സ്ഥാനാർഥിത്വം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി ഉമ തോമസിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്.
സ്ഥാനാർത്ഥി പ്രഖ്യാപനമായതോടെ ട്രാഫിക് സിനിമയിലെ പ്രശസ്തമായ രംഗം അഡ്വ. കെ എസ് അരുൺകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ഹൃദയം ആശുപത്രിയിലെത്തിക്കുന്നതിന് പൊലീസിനെ പ്രേരിപ്പിക്കുന്ന ജോസ് പ്രകാശിന്റെ ഡയലോഗാണ് അരുൺകുമാർ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഡോ. ജോ ജോസഫ് അവയവമാറ്റ ശസ്ത്രക്രിയക്കായി നേതൃത്വം നൽകുന്നതും പ്രചാരണ വീഡിയോയിലുണ്ട്. തനിക്കെതിരെയുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കുമുള്ള പരോക്ഷ മറുപടി എന്ന തരത്തിലാണ് അരുൺകുമാർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
