Asianet News MalayalamAsianet News Malayalam

പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, മുന്‍കരുതലുകള്‍ സ്വീകരിക്കണം

രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കി. 

African swine fever virus confirmed in muthalamada palakkad
Author
First Published Oct 20, 2022, 10:24 PM IST

പാലക്കാട്: പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെയും എല്ലാ പന്നികളെയും പ്രോട്ടോക്കോളുകള്‍ പാലിച്ച് ഉടന്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം സംസ്‌കരിച്ച് ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

നിര്‍ദേശങ്ങള്‍

  • രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണം.
  • മുതലമട ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമില്‍ നിന്നും മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണം.
  • രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉടന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി.
  • ജില്ലയില്‍ മറ്റുഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നഗരസഭ / ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ ഓഫീസര്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
  • പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം

വടക്ക്-കിഴക്ക് ഇന്ത്യയിലും ബീഹാറിലും ആഫ്രിക്കന്‍ പനി പടരുന്ന സാഹചര്യത്തില്‍ ഒക്‌ടോബര്‍ 11 മുതല്‍ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍, പന്നി വളം എന്നിവ കേരളത്തിലേക്കും കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനിക്ക് വാക്‌സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തു പോകുന്ന സ്ഥിതി ഈ വൈറസ്മൂലം ഉണ്ടാകും. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ഇത് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കുറവാണ്.

Follow Us:
Download App:
  • android
  • ios