ഏറെ ചർച്ച ചെയ്ത കേസിൽ തുടർ നടപടികൾ ഡിജിപിക്കും ഓഫീസിനും അറിവുള്ളതാണെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. പേർ ഫോമ റിപ്പോർട്ടോ, രേഖകളോ ആഭ്യന്തര വകുപ്പിന് കൈമാറിയില്ല.  

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ആഭ്യന്തര സെക്രട്ടറി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയിൽ ഡിജിപിയോട് വിശദീകരണം തേടി. സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടും തുടർ നടപടികളിൽ ഉദ്യോഗസ്ഥർ ആത്മാർത്ഥത കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയത്.

ഏറെ ചർച്ച ചെയ്ത കേസിൽ തുടർ നടപടികൾ ഡിജിപിക്കും ഓഫീസിനും അറിവുള്ളതാണെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. പേർഫോമ റിപ്പോർട്ടോ, രേഖകളോ ആഭ്യന്തര വകുപ്പിന് കൈമാറിയില്ല. കഴിഞ്ഞമാസം 16 ന് ആവശ്യപ്പെട്ടിട്ടും പെർഫോമ നൽകിയത് 26 ന് മാത്രമാണെന്നത് വലിയ വീഴ്ചയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച സർക്കാരിൻ്റെ മുഖഛായ മോശമാക്കാൻ ഇടയാക്കിയെന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നൽകണമെന്നും ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.

സിദ്ധാർത്ഥന്റെ മരണം: രേഖകൾ വൈകിപ്പിച്ചത് ആർക്കുവേണ്ടി? സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം

ദില്ലി സിബിഐ സംഘം കേരളത്തിൽ 

പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ സിബിഐ തുടങ്ങി. ദില്ലിയിൽ നിന്നു എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ കീഴിൽ സിബിഐ സംഘം കേരളത്തിൽ എത്തി. നിലവിൽ കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കണ്ണൂരിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മാർച്ച്‌ 9ന് ആണ് സംസ്ഥാന സർക്കാർ കേസ് സിബിഐ ക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നതിൽ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം എത്തിയത്. തിരുവനന്തപുരം യൂണിറ്റിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുമെന്നാണ് വിവരം.

YouTube video player

YouTube video player