കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റുകൾ നിലംപൊത്തിയതോടെ മരടും പരിസര പ്രദേശങ്ങളും പൊടിപടലങ്ങളിൽ മുങ്ങി. പ്രതീക്ഷിച്ചതിലേറെ പൊടിപടലമാണ് അന്തരീക്ഷത്തിൽ വ്യാപിച്ചത്. കാഴ്ചപോലും മറയ്ക്കുന്ന വിധത്തിലാണ് പുകയും പൊടിയും ഉയര്‍ന്ന് പൊങ്ങിയത്. 

 കനത്ത കാറ്റുകാരണം തേവര കടവന്ത്ര വൈറ്റില മേഖലയിലേക്കൊക്കെ പൊടി വ്യാപിക്കുന്നുമുണ്ട്. മുൻകരുതലെന്ന വിധത്തിൽ പ്രദേശവാസികൾ മാസ്ക് ധരിക്കാൻ നേരത്തെ തന്നെ നിര്‍ദ്ദേശം നൽകിയിരുന്നു. 11.19 ന് ആദ്യ സ്ഫോടനം ഉണ്ടായതിന് പിന്നാലെ തന്നെ എച്ച്ടുഒ ഫ്ലാറ്റ് സമുച്ഛയം നിലംപൊത്തുകയും പൊടി ഉയര്‍ന്ന് പൊങ്ങുകയും ചെയ്തിരുന്നു. അരമണിക്കൂറിനകം നടന്ന രണ്ട് സ്ഫോടനങ്ങളിൽ നിലം പൊത്തിയ ബഹുനില കെട്ടിടങ്ങളും അന്തരീക്ഷത്തിൽ ഉയര്‍ന്ന പൊടിപടങ്ങളും കണ്ട് അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിത്തരിത്ത് നിൽക്കുന്ന കാഴ്ചയാണ് കൊച്ചിയിൽ കണ്ടത്. 

തുടര്‍ന്ന് വായിക്കാം: മരടുപൊടിയായി': മരടിലെ രണ്ട് ഫ്ളാറ്റുകള്‍ വിജയകരമായി തകര്‍ത്തു, രണ്ടാം ഘട്ടം നാളെ...

പ്രതീക്ഷിച്ചത് പോലെ തന്നെ പ്രത്യക്ഷത്തിൽ പാളിച്ചകളൊന്നും ഇല്ലാതെയാണ് ഫ്ലാറ്റുകൾ നിലം പൊത്തിയതെങ്കിലും ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമെ സ്ഥിരീകരണം ഉണ്ടാകു.

സ്ഫോടനം നടന്ന് സെക്കന്‍റുകൾക്ക് അകമാണ് ഹോളിഫെയ്ത്ത് എച്ച്2ഒ ബഹുനില കെട്ടിടം നിലം പൊത്തിയത്, ദൃശ്യങ്ങൾ കാണാം: 

."

കുണ്ടന്നൂര്‍ പാലത്തിന് കേടുപാടുകളൊന്നും പറ്റിയിട്ടില്ലെന്നാണ് പ്രഥമിക പരിശോധനയിൽ വ്യക്തമായത്. സമീപത്തെ വീടുകൾക്ക് കേടുപാടുകളുണ്ടോ എന്നും കായലിൽ പതിച്ചിട്ടുണ്ടോ എന്നും ഒക്കെ പരിശോധിക്കേണ്ടതുണ്ട്. വിദഗ്ധരുടെ വലിയ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. 

കൂട്ടത്തിൽ ഏറ്റവും കൂടുതൽ അപകട സാധ്യത ഉണ്ടായിരുന്നത് ആൽഫ സെറിൻ ഇരട്ടക്കെട്ടിടങ്ങൾ തകര്‍ക്കുന്നതിനായിരുന്നു. ദൃശ്യങ്ങൾ കാണാം: 

"

ആൽഫ സെറിൻ നിലം പൊത്തിയപ്പോൾ വലിയൊരു ഭാഗം കോൺക്രീറ്റ് കായലിൽ പതിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. പതിനഞ്ച് മുതൽ ഇരുപത് ശതമാനം വരെ അവശിഷ്ടങ്ങൾ ഒരു പക്ഷെ കായലിൽ വീണേക്കാമെന്ന് പൊളിക്കാൻ കരാറെടുത്ത കമ്പനി അധികൃതര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിലധികം അവശിഷ്ടങ്ങൾ കായലിൽ പതിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. 

കൺട്രോൾ റൂമിൽ നിന്ന് കിട്ടുന്ന വിവരം അനുസരിച്ച് പ്രതീക്ഷിച്ച പോലെ തന്നെ സ്ഫോടനം നടന്നെന്നും സുരക്ഷിതത്വം പരമാവധി ഉറപ്പാക്കാനായി എന്നുമാണ് കിട്ടുന്ന വിവരം.