പാലക്കാട്: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തി, ദില്ലിയിലെ സൈനിക നിരീക്ഷണ ക്യാമ്പിൽ കഴിഞ്ഞ 30 മലയാളി വിദ്യാർത്ഥികൾ  കേരളത്തിലെത്തി. ദില്ലിയിൽ നിന്ന് ബസ് മാർഗ്ഗം ശനിയാഴ്ച അർധരാത്രിയാണ് ഇവർ പുറപ്പെട്ടത്. കേരളത്തിലെത്തിയ ഇവരെ പാലക്കാട്ടെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റും.  ഇതിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് വിടുക. കഴിഞ്ഞ മാർച്ച് 14 നാണ് 45 അംഗ സംഘം ദില്ലിയിലെത്തിയത്. 28 ദിവസം നിരീക്ഷത്തിൽ കഴിഞ്ഞ ശേഷമാണ് ദില്ലിയിൽ നിന്നും ഇവർ സംസ്ഥാനത്തേക്ക് എത്തിയത്. 

വിദേശത്ത് നിന്നും രാജ്യത്തേക്ക് എത്തിച്ചവരെ കൃത്യമായ നിരീക്ഷത്തിലാക്കി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വീടുകളിലേക്ക് വിടുക. ഇതിനായി പ്രത്യേക ക്യാമ്പുകൾ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് വൈറസ് പടരന്നത് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഇതുവരെയും സാധിച്ചിട്ടില്ല. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതിനായിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 9152 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 308 പേർ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 35 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്.