Asianet News MalayalamAsianet News Malayalam

പി.ആ‍ർ.സുനുവിന് ശേഷം ജയസനിൽ? കേരള പൊലീസിലെ പിരിച്ചു വിടൽ നടപടികൾ തുടരുന്നു 

അയിരൂർ എസ്.എച്ച്.ഒ ആയിരുന്ന ജയസനിൽ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകാനുളള ഫയൽ നീക്കം പൊലിസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്. 

after PR sunu Jayasanil going to be expelled from Kerala Police
Author
First Published Jan 12, 2023, 1:42 PM IST


തിരുവനന്തപുരം:  കേരള പൊലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികൾ തുടരുന്നു. ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ സി.ഐ ജയസനിലിന് എതിരെയാവും ഇനി പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് ജയസനിലിന് നൽകും. അയിരൂർ എസ്.എച്ച്.ഒ ആയിരുന്ന ജയസനിൽ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകാനുളള ഫയൽ നീക്കം പൊലിസ് ആസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്. 

കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് ആണ് പരാതിക്കാരൻ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനായിരുന്നു. ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ കേസിൻ്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം  കാണാനെത്തിയ പ്രതിയോട് തൻ്റെ ചില താത്പര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്നും ജയസനിൽ പറഞ്ഞു. തുടർന്ന് യുവാവിനെ സിഐ താൻ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. ഇതു കൂടാതെ കേസ് അവസാനിപ്പിക്കാൻ അൻപതിനായിരം രൂപ ജയസനിൽ പ്രതിയിൽ നിന്നും കൈപ്പറ്റുകയും ചെയ്തു. 

എന്നാൽ പിന്നീട് വാക്ക് പാലിക്കാതിരുന്ന സിഐ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇയാൾ പോക്സോ കേസിൽ കുറ്റപത്രവും സമർപ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സിഐക്കെതിരെ പീഡനത്തിന് പരാതിയും നൽകി. 

ക്രിമിനൽ കേസിലെ പ്രതികളായ പൊലീസുകാരുടെ പട്ടിക പൊലിസ് ആസ്ഥാനത്ത് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിലെ ഒന്നാമത്തെ പേരുകാരനാണ്  സേനയിൽ നിന്നും പുറത്താക്കപ്പെട്ട പിആർ സുനു. ബേപ്പൂർ കോസ്റ്റ‌ൽ സ്റ്റേഷനിലെ ഇൻസ്പെക്ടറായിരിക്കുമ്പോഴാണ് തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗം കേസിൽ വീണ്ടും ആരോപണവിധാനായകുന്നത്. നിരവധി അച്ചടക്കനടപടി നേരിട്ട സുനു ക്രമസമാധാന ചുമതലകളിൽ തുടരുന്ന വിവാദമായതോടെ സർക്കാരും വെട്ടിലായി. സുനുവിനെ സസ്പെൻ് ചെയ്ത ശേഷം മുമ്പ് സ്വീകരിച്ച അച്ചടക്ക നപടികൾ പുനപരിശോധിച്ചു. 

തൃശൂരിൽ ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലാണ് സുനു അവസാനം അച്ചടക്ക നടപടി നേരിട്ടത്. ശമ്പളവർദ്ധ നടഞ്ഞുകൊണ്ടായിരുന്നു നടപടി അവസാനിപ്പിച്ചത്. വകുപ്പതല നടപടി അവസാനിപ്പിച്ചാലും ഒരു വ‍ർഷത്തിനകം ഡിജിപിക്ക് പുനപരിശോധിക്കാൻ അധികാരമുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് സുനുവിനെതിരായ അച്ചടക്ക നടപടി പുന:പരിശോധിച്ച് പിരിച്ചുവിടിലുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പിരിച്ചുവിടൽ നടപടി തടയാൻ കേരള അഡ്മിനിസ്ട്രീവ് ട്രൈബ്യൂണിലിനെ സമീപിച്ചുവെങ്കിലും സ്റ്റേ ലഭിച്ചില്ല. 

ഡിജിപിക്ക് രേഖാമൂലം മറുപടി നൽകിയതിന് പിന്നാലെ  നേരിട്ട് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണെന്ന് മറുപടി ഒഴിഞ്ഞുമാറി. ഈ മാസം 13ന് ട്രൈൂബ്യൂണലിലെ കേസ് പരിഗണിക്കുന്നതുവരെ നീട്ടികൊണ്ടുപോകാനായിരുന്നു ആശുപത്രി വാസം. എന്നാൽ ഓൺലൈൻ വഴി സുനുവിനെ നേരിട്ട് കേട്ടിട്ടായിരുന്നു ഡിജിപി ഉത്തരവ്. ഡിജിപിയുടെ നടപടി ചോദ്യം ചെയ്ത് സുനുവിനെ സർക്കാരിന് അപ്പീൽ നൽകാം, കോടതിയെയും സമീപിക്കാം. 

Follow Us:
Download App:
  • android
  • ios