ആദ്യപടിയായി കെ വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി. കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ
ദില്ലി: എ ഐ സി സി (aicc)വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ(cpm party congress seminar) പങ്കെടുത്ത കെ വി തോമസിനെതിരായ(kv thomas) നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം(aicc disciplinary committee) ഇന്ന് ചേരും . എ കെ ആന്‍റണി അധ്യക്ഷനായ അഞ്ചംഗസമിതിയാകും നടപടി തീരുമാനിക്കുക. ആദ്യപടിയായി കെ വി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി. കെ വി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ
അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമയെന്ന് അദ്ദേഹത്തെ വിളിച്ചത്.
മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്‍റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം വേദിയിൽ സഖാക്കളെ എന്ന് വിളിച്ച് പിണറായിയെ പുകഴ്ത്തിയുള്ള പ്രസംഗം തീർന്നതിന് പിന്നാലെയാണ് തോമസിനെതിരെ കെപിസിസി, എഐസിസി പ്രസിഡന്‍റിന് കത്തയച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തിൽ കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തുന്നു.
കെ വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻനിലപാട്. എന്നാൽ എഐസിസി അംഗമായതിനാൽ തോമസിനെതിരായ നടപടി ഹൈക്കമാൻഡ് കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് കെപിസിസി പന്ത് ദില്ലിക്ക് തട്ടിയത്. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കാനാണ് സാധ്യത. സെമിനാറിന് പോകുമെന്ന പ്രഖ്യാപനത്തോടെ തന്നെ കോൺഗ്രസ്സും കെ വി തോമസും തമ്മിലെ ബന്ധം മുറിഞ്ഞതാണ്.
കണ്ണൂരിൽ പോകും മുമ്പ് നടപടി എടുത്തുള്ള രക്തസാക്ഷി പരിവേഷം ഒഴിവാക്കാനാണ് സെമിനാർ വരെ കാത്തിരുന്നത്. തോമസിനെതിരായ സംസ്ഥാന നേതൃത്വതത്തിന്‍റെ അതിവേഗ നീക്കങ്ങളിലും പരാമർശങ്ങളിലും കെ മുരളീധരനടക്കമുള്ള ഒരുവിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ സിപിഎം വേദിയിലെത്തിയുള്ള തോമസിന്‍റെ പിണറായി സ്തുതിയും കെ റെയിൽ പിന്തുണയും വഴി പാർട്ടിയിൽ തോമസിനോട് മൃദുസമീപനമുള്ളവരും ഇനി തിരുത്തുമെന്നാണ് കെപിസിസി പ്രതീക്ഷ.
'ചവിട്ടിപ്പുറത്താക്കാനാവില്ല,നടപടിക്രമങ്ങളുമായി സഹകരിക്കും'; ജാതി പറഞ്ഞ് സുധാകരന്‍ അവഹേളിച്ചെന്നും തോമസ്
കണ്ണൂര്‍: എഐസിസി നടപടിക്രമങ്ങളുമായി സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് (K V Thomas). നടപടി സംഘടനാപരമായേ തീരുമാനിക്കൂ എന്ന് നേരത്തെ പറഞ്ഞിരുന്നു. വെറുതെ ചവിട്ടിപ്പുറത്താക്കാനാവില്ലെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജാതി പറഞ്ഞ് നിരന്തരം അവഹേളിക്കുകയാണ് സുധാകരനെന്നും കെ വി തോമസ് ആരോപിച്ചു.
മത്സ്യത്തൊഴിലാളികളെ അറിയുമായിരുന്നെങ്കിൽ സുധാകരൻ ആ പദപ്രയോഗം നടത്തുമായിരുന്നില്ല. ഞാനാരാണെന്ന് സുധാകരനിപ്പോഴും മനസ്സിലായിട്ടില്ല. എന്നാക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സുധാകരൻ എന്നെ മനസ്സിലാക്കിയിട്ടില്ല. ഇതിന് സമാനമായി സുധാകരനെപ്പറ്റി പറയാൻ കണ്ണൂരിൽ ഒരുപാട് ആളുണ്ട്. അങ്ങനെ പറഞ്ഞാലോ എന്നും അദ്ദേഹം ചോദിച്ചു. വാശിയും വൈരാഗ്യവും വേണ്ടല്ലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യാതെ ഇരുന്നതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
കെ വി തോമസിനോട് എഐസിസി വിശദീകരണം തേടിയ ശേഷമാകും തുടർനടപടി സ്വീകരിക്കുക. കെ വി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. സമിതി നാളെ യോഗം ചേരും. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ല. വിലക്ക് വന്ന സാഹചര്യത്തിൽ എഐസിസി അതിനെ മറികടക്കണ്ടെന്ന് തീരുമാനിച്ചതാണ്. പിണറായി വിജയനുമായി കെ വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു. പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
