കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. എന്നാല്‍, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ.? എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

എന്നാല്‍, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ.? എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അങ്ങനെ എങ്കില്‍ എങ്ങനെയാണ് ദില്ലിയില്‍ എയിംസ് സ്ഥാപിക്കപ്പെട്ടത് എന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ആരോഗ്യരംഗത്ത് മികച്ച് നില്‍ക്കുന്നു എന്ന് കരുതി കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അര്‍ത്ഥമാക്കരുത്. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിമർശിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി 6 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.