15 വരെ കാത്തിരിക്കാൻ പറ്റാത്ത അടിയന്തരമായി വാങ്ങേണ്ട മരുന്നുകൾ റെഡി പർച്ചേഴ്‌സിൽ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ഒക്ടോബർ 15ഓടെ പരിഹാരമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ചില മരുന്നുകളുടെ കുറവുണ്ട്. അത് വരുത്താനുള്ള നടപടികൾ സ്വീകരിച്ചു. 15 വരെ കാത്തിരിക്കാൻ പറ്റാത്ത അടിയന്തരമായി വാങ്ങേണ്ട മരുന്നുകൾ റെഡി പർച്ചേഴ്‌സിൽ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡോക്ടർമാരുടെ അഭാവം ഉണ്ടെന്നും ആ പ്രശ്നം പരിഹരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യങ്ങൾ ആലോചിക്കുന്നുണ്ട്.

സർക്കാരിൽ നിന്ന് 50,000 ലഭിക്കുമ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. പിന്നെങ്ങനെയാണ് സർക്കാർ ആശുപത്രിയിലേക്ക് ഡോക്ടർമാർ വരിക എന്നും മുരളീധരൻ ചോദിച്ചു. ഏത് സർക്കാർ വന്നാലും അവരെയൊക്കെ കൈകാര്യം ചെയ്യുന്ന ചില കൂട്ടരുണ്ട്. അവരില്ലാത്ത ബഹളങ്ങൾ ഉണ്ടാക്കും. ആരോഗ്യ മേഖല കുത്തഴിഞ്ഞ് കിടക്കുന്നുവെന്നും മരുന്ന് കിട്ടാനില്ലെന്നും പ്രചരണങ്ങൾ നടത്തുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാഴക്കാട് ഗ്രാമപഞ്ചായത്ത് ഊർക്കടവ് ഹെൽത്ത് സബ്സെൻ്റർ ശിലാ സ്ഥാപന ചടങ്ങിലെ പ്രസം​ഗത്തിലായിരുന്നു മന്ത്രി ഇക്കാര്യങ്ങൾ പരാമർശിച്ചത്.