കേരളത്തിൽ വി ഡി സതീശനെയും വി ഡി സവർക്കറേയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എഐവൈഎഫ് ജനറൽ സെക്രട്ടറി ടി ടി ജിസ്‌മോൻ പറഞ്ഞു.

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വർഗീയ ശക്തികളോട് കൂട്ടുകൂടുന്നുവെന്നാരോപിച്ച് പറവൂരിലെ എംഎൽഎ ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്‌ നടത്തി. കേരളത്തിൽ വി ഡി സതീശനെയും വി ഡി സവർക്കറേയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എഐവൈഎഫ് ജനറൽ സെക്രട്ടറി ടി ടി ജിസ്‌മോൻ പറഞ്ഞു. ആർ വി ബാബുവിന്‍റെ ആരോപണങ്ങൾക്ക് എതിരെ എന്ത് കൊണ്ട് സതീശൻ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

സതീശൻ പ്രതിപക്ഷ നേതൃസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കണമെന്നും ജിസ്‌മോൻ ആവശ്യപ്പെട്ടു. മാർച്ച്‌ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഘപരിവാറും തമ്മിലുള്ള പോര് മുറുകിയിരുന്നു. സതീശനെതിരെ ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവാണ് രംഗത്തെത്തിയത്. വി ഡി സതീശൻ ആര്‍എസ്എസിനോട് വോട്ട് ചോദിച്ചുവെന്നാണ് ആരോപണം.

2001ലും 2006 ലും സതീശൻ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്ന് ആര്‍ വി ബാബു പറഞ്ഞു. പറവൂരിലെ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ കള്ളം പറയുകയാണ്. സതീശൻ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയാണ്. തന്‍റെ മോശം പശ്ചാത്തലം എന്താണെന്നു സതീശൻ പറയണമെന്ന് ആര്‍വി ബാബു ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്‍റെ നല്ല പശ്ചാത്തലം ആയതു കൊണ്ടാണോ സതീശൻ മറുപടി പറയുന്നത്. സരിതയുടെ പശ്ചാത്തലം മനസിലാക്കിയാണോ സതീശൻ പ്രതികരിച്ചത്- ആര്‍ വി ബാബു ചോദിച്ചു.

സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം കളവാണെങ്കിൽ നിയമ നടപടി സ്വീകരിക്കൂവെന്ന് ആർ വി ബാബു വെല്ലുവിളിച്ചു. സതീശൻ ആദർശത്തിന്‍റെ പൊയ്മുഖം അണിയുകയാണ്. പറവൂരിലെ ആര്‍എസ്എസ് പരിപാടിയിൽ ക്ഷണിച്ചിട്ടാണ് സതീശൻ വന്നത്. ഒരു ഫ്യൂഡൽ മാടമ്പിയെ പോലെ അദ്ദേഹം സംവാദങ്ങളിൽ നിന്ന് പിന്മാറുന്നു. സതീശന്‍റെ സ്ഥാപിത താല്പര്യങ്ങളെ എതിർത്തു തുടങ്ങിയപ്പോൾ സംഘ പരിവാർ ശത്രുക്കളായെന്നും ആര്‍ വി ബാബു കുറ്റപ്പെടുത്തി. ചെറുപ്പം മുതൽ ആര്‍എസ്എസിനോട് പടവെട്ടിയാണ് വളർന്നതെന്ന സതീശന്‍റെ പ്രസ്താവന പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.