Asianet News MalayalamAsianet News Malayalam

'അറാഫത്തിനെ ലോകരാഷ്ട്രത്തലവനായി അംഗീകരിച്ചതാണ് കോണ്‍ഗ്രസ് പാരമ്പര്യം, അതിന് ഇന്നുവരെ ഒരുകോട്ടവും വന്നിട്ടില്ല'

പരമാധികാര സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടാണ് മഹാത്മാ ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റേയും ഇന്ദിരാഗാന്ധിയുടെയും കാലം മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നതെന്ന് എ.കെ.അന്‍റണി

ak antony on congress stand on Palestine
Author
First Published Nov 14, 2023, 3:37 PM IST

തിരുവനന്തപുരം: പിഎല്‍ഒ നേതാവ് യാസര്‍ അറാഫത്തിനെ അറബ് രാജ്യങ്ങള്‍ ഒഴികെ എല്ലാവരും ഭീകരന്‍ എന്നുവിളിച്ച് അധിക്ഷേപിച്ചപ്പോള്‍ അദ്ദേഹത്തെ ദില്ലിയില്‍ വിളിച്ച് ലോകരാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന എല്ലാ ബഹുമതികളോടെയും ആദരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്‍റേതെന്ന് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി പറഞ്ഞു. പലസ്തീന്‍ വിഷയം ഉണ്ടായപ്പോള്‍ ചാഞ്ചാടിയ, റഷ്യയെ ആരാധിക്കുന്ന സിപിഎം സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കാനുള്ള അപേക്ഷയുമായി ക്യൂ നില്‍ക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയുടെ ശില്‍പിയും   പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ 134-ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച  സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരമാധികാര സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടാണ് മഹാത്മാ ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റേയും ഇന്ദിരാഗാന്ധിയുടെയും കാലം മുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. അതിന് ഇന്ന് വരെ ഒരു കോട്ടവും വന്നിട്ടില്ല. പലസ്തീന്‍ ജനയ്ക്ക് വേണ്ടി ഉറച്ച നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അല്ലായിരുന്നെങ്കില്‍  സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് പോലെ രാജ്യം ശിഥിലമാകുമായിരുന്നു. രാജ്യത്തിന്‍റെ  അഖണ്ഡതയും മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ച നെഹ്‌റു ബഹുസ്വരതയെ കണ്ണിലെ കൃഷ്ണമണിപോലെ പരിരക്ഷിച്ചു.

കഴിഞ്ഞ 9 വര്‍ഷം നെഹ്‌റുവിനെ തമസ്‌കരിക്കാന്‍ മോദിയും ബിജെപിയും ശ്രമിച്ചിട്ടും ജനഹൃദയങ്ങളില്‍ അദ്ദേഹം ഹിമാലയം പോലെ വളരുകമാത്രമാണ് ചെയ്തത്. ആയിരം മോദിമാര്‍ ഒരുമിച്ച് ശ്രമിച്ചാലും ജനഹൃദയങ്ങളില്‍ നിന്ന് നെഹ്‌റുവിനെ തമസ്‌കരിക്കാന്‍ കഴിയില്ലെന്നും ആന്‍റണി പറഞ്ഞു.

Follow Us:
Download App:
  • android
  • ios