Asianet News MalayalamAsianet News Malayalam

എകെജി സെന്‍റർ ആക്രമണം; ജിതിന്‍റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍

മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. 

Akg center attack case court rejected the bail application of  jithin
Author
First Published Sep 29, 2022, 12:17 PM IST

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രണക്കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിന് ജാമ്യം നിഷേധിച്ച. ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്‍റെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.

വിശദമായ വാദത്തിന് ശേഷമാണ് ജിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം ചെറിയൊരു സ്ഫോടനത്തിൽ നിന്നാണ് പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്തരം വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

Also Read: ജിതിന്‍റെ ഷൂസ് ലഭിച്ചെന്ന് സൂചന; യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യും

എന്നാല്‍, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.  എന്നാൽ, ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുവാദം. അതേസമയം, എകെജി സെന്‍റർ ആക്രമണക്കുമ്പോള്‍ പ്രതിയായ ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അക്രമണ സമയത്ത് ജിതിൻ ഉപയോഗിച്ച ടീഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് ജിതിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 22നാണ് എകെജി സെന്റർ ആക്രമണ കേസിൽ ജിതിൻ പിടിയിലായത്. 

Follow Us:
Download App:
  • android
  • ios