Asianet News MalayalamAsianet News Malayalam

എകെജി സെന്റർ ആക്രമണം: പ്രതി ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തി, ഉടമ യൂത്ത് കോൺഗ്രസ് നേതാവിന്റെ മുൻ ഡ്രൈവർ

എകെജി സെൻറർ ആക്രണക്കേസിലെ പ്രതി ജിതിൻെറ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്

AKG Center attack Dio scooter used found
Author
First Published Sep 30, 2022, 11:35 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ, പ്രതി ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി. കേസിൽ പൊലീസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറുടേതാണ് സ്കൂട്ടർ എന്നാണ് വിവരം. സ്കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോൾ വിദേശത്താണ്. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എകെജി സെൻറർ ആക്രണക്കേസിലെ പ്രതി ജിതിൻെറ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുമ്പും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.

കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 22നാണ് ഏകെജി സെന്റർ ആക്രമണ കേസിൽ ജിതിൻ പിടിയിലായത്.

എകെജി സെൻറർ ആക്രമിക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന ടീ ഷർട്ട്, ഷൂസ് എന്നിവയിൽ നിന്നുമാണ് ജിതിനിലേക്ക് എത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. ജിതിൻ ഉപയോഗിച്ച ടീഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നി കണ്ടെത്തുന്നതിനുവേണ്ടിയാണ് നാലു ദിവസത്തെ കസ്റ്റഡയിൽ വാങ്ങിയത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്തുനിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷ‍ർട്ട് വാങ്ങിയ കടയിലും കൊണ്ടുപോയിരുന്നു.

Follow Us:
Download App:
  • android
  • ios