Asianet News MalayalamAsianet News Malayalam

എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്യുന്നു

എകെജി സെൻററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി, സംഭവത്തിന് ശേഷം ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്

AKG center attack man in police custody over facebook post
Author
Thiruvananthapuram, First Published Jul 2, 2022, 7:19 AM IST

തിരുവനന്തപുരം എകെജി സെന്റെർ ആക്രമണവുമായി ബന്ധപ്പെട്ട് എ കെ ജി സെന്റെറിന് കല്ലെറിയുമെന്ന് ഫെയ്സ്ബുകിൽ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടായി കോണത്തെ വാടക വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെയും സിപിഎമ്മിനെയും വലിയ സമ്മ‍ർദ്ദത്തിലാക്കി.‌

എകെജി സെൻററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി, സംഭവത്തിന് ശേഷം ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടക വസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക്, മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സിപിഎം സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകത്ത് പൊലീസിന് മുന്നിൽ നാണക്കേടായി നിൽക്കുകയാണ്. അതേ സമയം എകെജി സെൻറിൽ സുരക്ഷ വീഴ്ചയുണ്ടായതിനെ കുറിച്ചും സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്. എ.കെ.ജി സെൻറർ ആക്രമണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് പഴയൊരു കേസ് പ്രത്യേക സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടൻ പടക്കെറിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്. ബോധപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളെയും പൊലീസ് തള്ളിക്കളയുന്നില്ല.

Follow Us:
Download App:
  • android
  • ios