തിരുവനന്തപുരം: നടുക്കുന്ന ഓര്‍മ്മകള്‍ മായ്ച്ചുകളഞ്ഞ് ഒന്നരമാസത്തിന് ശേഷം  അഖില്‍ ചന്ദ്രന്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി യൂണിവേഴ്സിറ്റി കോളേജിലെത്തി. കോളേജിലെത്തിയ അഖില്‍ ചന്ദ്രന് വന്‍ വരവേല്‍പ്പാണ് സഹപാഠികള്‍ ഒരുക്കിയത്. സുഹൃത്തിന്‍റെ കാറിലായിരുന്നു അഖില്‍ കോളേജിലേയ്ക്കെത്തിയത്. 

കാറിന് ചുറ്റും നിന്ന് ആരവങ്ങളുയര്‍ത്തി സഹപാഠികള്‍ അഖിലിനെ എതിരേറ്റു. സഹപാഠികള്‍ നടത്തിയ ഘോഷയാത്രയില്‍ കാറിലിരുന്ന് പങ്കെടുത്തതിന് ശേഷമാണ് അഖില്‍ കോളേജിലേക്ക് കയറിയത്. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിലേക്ക് വിദ്യാര്‍ത്ഥികള്‍ അഖിലിനെ ക്ഷണിച്ചിരുത്തുകയായിരുന്നു. 

ക്യാന്‍റീനിലിരുന്ന് പാട്ടുപാടിയതിന് ബിഎ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ ജൂലൈ 12 നാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസിഡന്‍റ് ശിവരഞ്ജിത്തും നസീമും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട് കോളേജിലേക്ക് മടങ്ങാനിരിക്കുകയാണ് അഖില്‍.