തിരുവനന്തപുരം: എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് തന്നെ കൊല്ലാൻ ശ്രമം നടത്തിയതെന്ന് യൂണിവേഴ്സിറ്റി കോളേജില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായ അഖിൽ ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രിൻസിപ്പാളിനെ പോലും നോക്കുകുത്തിയാക്കി, ഇടിമുറിയിലിട്ട് എസ്എഫ്ഐ നേതാക്കള്‍ പലരെയും മ‍ർദ്ദിച്ചിട്ടുണ്ടെന്നും അഖിൽ പറഞ്ഞു. ഏറെ നാളെത്തെ ചികിത്സക്കുശേഷം വീട്ടിൽ വിശ്രമിക്കുന്ന അഖിൽ ആദ്യമായാണ് കോളജിലുണ്ടായ അനുഭവങ്ങള്‍  തുറന്നുപറഞ്ഞത്.

ഇതിന് മുമ്പും യൂണിറ്റ് അം​ഗങ്ങളുമായി പ്രശ്നങ്ങളുണ്ടാവുകയും മർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. ക്യാന്റീനിൽ ഇരുന്ന് പാട്ടുപാടിയെന്ന് ആരോപിച്ച് യൂണിറ്റ് അം​ഗങ്ങൾ തന്നെയും കൂട്ടുകാരേയും ചീത്ത വിളിച്ചിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പാർട്ടി നേതാക്കളുമായി സംസാരിച്ച് പരിഹരിച്ചതാണ്. എന്നാൽ, അതിന് ശേഷവും കോളേജിൽ കാല് കുത്തിയാൽ അടിക്കുമെന്ന് നസീമടക്കമുള്ളവർ ഭീഷണിപ്പെടുത്തി.

ഇനിയാരേയും അടിക്കാനൊന്നും പറ്റില്ലെന്നും ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന് താനും സുഹൃത്തുക്കളും പറഞ്ഞു. എന്നാൽ,  സംസാരിക്കാനൊന്നും ഇല്ലെന്നും അടിച്ച് നിൽക്കാമെന്നുമായിരുന്നു നസീം പറഞ്ഞത്. തുടർന്ന് ​ഗേറ്റിന് സമീപത്തുവച്ച് എസ്എഫ്ഐ പ്രവർത്തകരുൾപ്പടെ പരസ്പരം അടിയായി. തുടർന്ന് തന്നെ മാത്രം ഒറ്റയ്ക്ക് കോളേജിന്റെ ഒരുഭാ​ഗത്തെത്തിച്ച് മർദ്ദിക്കുകയും നസീം പിടിച്ച് വച്ച് ശിവരഞ്ജിത്ത് കുത്തുകയുമായിരുന്നു.

നസീമും ശിവര‍ഞ്ജിത്തും ഉൾപ്പടെയുള്ളവർക്ക് തന്നോടും സുഹൃത്തുക്കളോടും വൈരാ​ഗ്യമുണ്ടായിരുന്നു. പരിപാടികൾക്ക് വിളിച്ചാൽ പോയില്ലെങ്കിലും വിദ്യാർഥികളെ മർദ്ദിക്കും. എതിർത്ത് സംസാരിച്ചാലും അടിക്കുമായിരുന്നു. എസ്എഫ്ഐ യൂണിറ്റ് അം​ഗങ്ങൾക്ക് ആധിപത്യം സ്ഥാപിക്കണമായിരുന്നു. അവർ പറയുന്നത് പോലെ കോളേജിൽ കാര്യങ്ങൾ നടക്കണമായിരുന്നു. ന്യായവും നീതിയും നോക്കാതെ യൂണിറ്റ് അം​ഗങ്ങൾ മർദ്ദിക്കുമായിരുന്നു.

കോളേജ് പ്രിൻസിപ്പാളിനോ അധ്യാപകർക്കോ വലിയ വിലയൊന്നുമില്ല. യൂണിറ്റ് അം​ഗങ്ങൾ പറയുന്നത് പോലെയാണ് കോളേജിൽ കാര്യങ്ങൾ നടക്കുന്നത്. മർദ്ദനത്തിനെ കുറിച്ച് പ്രിൻസിപ്പാളിനോട് പരാതി പറ‍ഞ്ഞിരുന്നില്ല. പറഞ്ഞിട്ടോ പരാതിപെട്ടിട്ടോ കാര്യമില്ല. നിരവധി വിദ്യാർഥികളെ ഇടിമുറിയിലിട്ട് മർദ്ദിച്ചിട്ടുണ്ട്. ക്ലാസിൽ നിന്ന് വിളിച്ചിറക്കിയാണ് ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുക.

മൊബൈൽ ഫോണടക്കം പിടിച്ച് വാങ്ങിയാണ് അം​ഗങ്ങൾ മർദ്ദിക്കുക. ഇവിടെ ആരോടും ഒന്നും ചോദിക്കാൻ കഴിയില്ല. തനിക്കെതിരെ വധശ്രമം നടന്നതുകൊണ്ട് കോളേജിലെ കാര്യങ്ങൾ‍ ഇപ്പോൾ പുറത്തറിഞ്ഞു.തന്റെ ചികിത്സയടക്കം പാർട്ടിയാണ് ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ട് പൂർണ്ണ പിന്തുണയാണ് പാർട്ടിയുടെ ഭാ​ഗത്തുനിന്നും ഉള്ളത്. തന്‍റേത് പാർട്ടി കുടംബമാണെന്നും പാർട്ടിയിൽ തന്നെ തുടരുമെന്നും അഖിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.