പലപ്പോഴായി പല അക്കൗണ്ടുകളിൽ നിന്ന് തന്‍റെ അക്കൗണ്ടിലേക്കെത്തിയ പണം അഖിൽ സജീവിന് കൈമാറുകയായിരുന്നു.
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെതിരെ വെളിപ്പെടുത്തലുമായി എറണാകുളം സ്വദേശിയായ യുവാവ്. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ അഖിൽ സജീവ് തന്റെ അക്കൗണ്ടിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഷിനോയി പറയുന്നത്. പലപ്പോഴായി പല അക്കൗണ്ടുകളിൽ നിന്ന് തന്‍റെ അക്കൗണ്ടിലേക്കെത്തിയ പണം അഖിൽ സജീവിന് കൈമാറുകയായിരുന്നു. പിന്നീടാണ് ഏതോ തൊഴിൽ തട്ടിപ്പിലെ പണമാണെന്ന് അറിഞ്ഞതെന്നും യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിവിധ അക്കൗണ്ടുകളിൽ നിന്നാണ് കഴിഞ്ഞ ജനുവരിയിൽ പണമെത്തിയത്. ഗൂഗിൾ പേ വഴിയാണ് തന്‍റെ അക്കൗണ്ടിലേക്ക് പലരും പണമയച്ചത്. ഇവർ ആരെന്ന് ഇപ്പോഴും അറിയില്ലെന്നാണ് ഷിനോയിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് അഖിൽ സജീവിനൊപ്പം 15 ദിവസം താമസിച്ചപ്പോഴായിരുന്നു ഇടപാട് നടത്തിയത്. തന്‍റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നാണ് അഖിൽ തന്നോട് പറഞ്ഞതെന്നും ഷിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി പലരും അയക്കുന്ന പണമെന്നാണ് പറഞ്ഞത്. തന്‍റെ അക്കൗണ്ടിലെത്തിയ തുകയത്രയും അഖിൽ സജീവിന് കൈമാറിയിട്ടുണ്ട്. ജോലിയ്ക്കായി കൈമാറിയ പണമാണെന്ന് മൂന്നുമാസത്തിനുശേഷം ഒരാൾ വിളിച്ചുപറഞ്ഞു. അപ്പോഴാണ് തട്ടിപ്പിന് അഖിൽ സജീവ് തന്‍റെ അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നെന്ന് മനസിലായതെന്നും ഷിനോയ് പറഞ്ഞു.
''ഞാൻ കാലിക്കറ്റിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്തിരുന്നു. അവിടെ നിന്ന് എനിക്ക് ഇൻഫെക്ഷനായതിന് ശേഷമാണ് സ്വരൂപ് എന്ന ചേട്ടന്റെ വീട്ടിലേക്ക് താമസം മാറുന്നത്. അവിടെ വെച്ചാണ് ഞാൻ അഖിൽ സജീവിനെ പരിചയപ്പെടുന്നത്. അഡ്വക്കേറ്റ് റഹീസാണ് അഖിൽ സജീവിനെ പരിചയപ്പെടുത്തുന്നത്. പത്തനംതിട്ടയിലെ പൊളിറ്റിക്കൽ നേതാവാണെന്നും ബിസിനസ് ചെയ്യുകയാണ് എന്ന് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. പാർട്ടിപരമായി എന്തോ പ്രശ്നമുണ്ട്, അതിന്റെ ഭാഗമായിട്ട് പത്തനംതിട്ടയിൽ നിന്ന് കുറച്ച് നാൾ മാറി നിൽക്കുന്നു എന്നാണ് എന്നോട് പറഞ്ഞത്. ലെനിൻ മിക്ക ദിവസങ്ങളിലും അവിടെ വരാറുണ്ടായിരുന്നു.
ജനുവരി പകുതിയോടെ ആണ് ഞാൻ അഖിൽ സജീവിനെ ആദ്യമായി കാണുന്നത്. ഏകദേശം 20 ദിവസത്തോളം ഒരുമിച്ച് അവിടെ താമസിച്ചു. അഖിൽ സജീവിന്റെ അക്കൗണ്ട് ഏതോ കേസിന്റെ ഭാഗമായി ഫ്രീസ് ചെയ്തിരിക്കുകയാണെന്നും 20000 രൂപ അടക്കണം എന്നും പറഞ്ഞിട്ടായിരുന്നു എന്റെ അക്കൗണ്ടിലേക്ക് പണമിട്ടത്. പിന്നീട് 20 ദിവസത്തിനുള്ളിലാണ് അഞ്ച് ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് വന്നത്. ഈ പണം അഖിലിന്റെ പേഴ്സണൽ അക്കൗണ്ടിലേക്കും അവിടുത്തെ ഹൗസ്ഓണറായ സ്വരൂപ് എന്ന ചേട്ടന്റെ അക്കൗണ്ടിലേക്കുമാണ് ഞാൻ ട്രാൻസ്ഫർ ചെയ്ത് കൊടുത്തത്. എറണാകുളത്തുള്ള അരുൺ എന്നയാൾ അഖിലിന്റെ ബിസിനസ് പാർട്ണറാണ്. അവർ തമ്മിലുളള്ള ബിസിനസ് ബൈൻഡ് അപ് ചെയ്തതിന് ശേഷം അഖിലിന് കൊടുക്കാനുള്ള തുക കൊടുക്കുകയാണ് എന്നാണ് എന്നോട് പറഞ്ഞത്.
പിന്നീട് എൻ്റെ സുഹൃത്ത് ഷാഹുൽ ഹമീദിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. പരിചയമില്ലാത്ത അക്കൗണ്ടിൽ നിന്ന് എന്റെ അക്കൗണ്ടിലേക്ക് പണം വരുന്നുണ്ട്. നിയമപരമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. അദ്ദേഹം വക്കീലായത് കൊണ്ട് വിളിച്ചു ചോദിച്ചതാണ്. അവൻ പറഞ്ഞു സൂക്ഷിക്കണം എന്ന്. പത്തനംതിട്ടയിൽ എന്തോ പ്രശ്നമുണ്ടാക്കിയിട്ടാണ് അഖിൽ വന്നതെന്ന് ഞാനപ്പോഴാണ് അറിയുന്നത്. മൂന്ന് മാസത്തിന് ശേഷം എന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊണ്ടിരുന്ന അരുൺ എന്നയാൾ എന്നെ കോണ്ടാക്റ്റ് ചെയ്തു. അയാളാണ് പറയുന്നത് അയച്ചു കൊണ്ടിരുന്ന പണം ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും വാങ്ങിയ പണം ആയിരുന്നു എന്ന്. അഖിലും റഹീസും വിളിച്ചിട്ട് ഫോണെടുക്കുന്നില്ല എന്നും. നിയമപരമായി മുന്നോട്ട് പോകും എന്നാണ് അരുൺ പറഞ്ഞത്. പരിചയത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തതെന്ന് ഞാൻ പറഞ്ഞു.'' ഷിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അഖില്‍ സജീവ് തന്റെ അക്കൗണ്ടിലൂടെ 5 ലക്ഷംരൂപയുടെ ഇടപാട് നടത്തിയെന്ന് ഷിനോയ്
അഖിൽ സജീവ് നാഷണൽ ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കിയെന്ന് പൊലീസ്; ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്
അതേ സമയം, ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ ഇന്നലെ നിർണായക കണ്ടെത്തലിനെക്കുറിച്ച് പൊലീസ് അറിയിച്ചിരുന്നു. നിയമനത്തട്ടിപ്പിലെ പ്രതികളിലൊരാളായ അഖിൽ സജീവ് വ്യാജ ഇമെയിൽ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. നാഷണൽ ആയുഷ് മിഷന്റെ പേരിലാണ് അഖിൽ സജീവ് വ്യാജ ഐഡി ഉണ്ടാക്കിയതെന്നും ഇതുവഴിയാണ് സന്ദേശം അയച്ചതെന്നുമാണ് പൊലീസ് വെളിപ്പെടുത്തൽ. വൈകാതെ നിയമനം ലഭിക്കുമെന്നായിരുന്നു ഇ മെയിൽ സന്ദേശം.
നിയമന കോഴക്കേസില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്തതായും പൊലീസ് അറിയിച്ചു. ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. നാളെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനിൽ നിന്ന് ലെനിൻ 50000 വും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ബാസിതിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
പരിചയമില്ലെന്ന വാദം നുണ: അഖിൽ സജീവുമായുള്ള ഫോൺ സംഭാഷണം ഹരിദാസ് പുറത്തുവിട്ടു
അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; തട്ടിയത് 5 ലക്ഷം
