ആലപ്പുഴയില്‍ വിവാദമായ റാലി നടത്തിയത് പോപ്പുലര്‍ ഫ്രണ്ടാണ്. എന്നാല്‍ എസ്ഡിപിഐയാണ് റാലി നടത്തിയതെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ആരെയോ തൃപ്തിപ്പെടുത്താനും വര്‍ഗീയ ധ്രുവീകരണത്തിനുമാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് റോയ് അറയക്കൽ
ആലപ്പുഴ: തൃക്കാക്കരയില്‍ എസ്ഡിപിഐക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ആലപ്പുഴയില്‍ വിവാദമായ റാലി നടത്തിയത് പോപ്പുലര്‍ ഫ്രണ്ടാണ്. എന്നാല്‍ എസ്ഡിപിഐയാണ് റാലി നടത്തിയതെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ആരെയോ തൃപ്തിപ്പെടുത്താനും വര്‍ഗീയ ധ്രുവീകരണത്തിനുമാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് റോയ് അറയക്കൽ വാര്‍ത്താ സമ്മേളനത്തില് ആരോപിച്ചു.
അതേസമയം, ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി ഇന്ന് പരാമർശിച്ചു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി വേണം.സംഘടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണം. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു.
24 പേര്‍ കൂടി കസ്റ്റഡിയില്‍
കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 24 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന കുറ്റം ചുമത്തിയാണ് സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളില്‍നിന്ന് ഇവരെ പിടികൂടിയത്. കുട്ടി വിളിച്ച മുദ്രാവാക്യം ഇവരില്‍ ആരെങ്കിലും ഏറ്റു ചൊല്ലിയിട്ടുണ്ടോ എന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ കേസിലെ നേരത്തെ അറസ്റ്റിലായ പി എ നവാസ്, അൻസാർ എന്നിവരെ വിലങ്ങണിയിച്ച് കോടതിയിലേക്ക് കൊണ്ടുവന്നതിനെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി വിമര്‍ശിച്ചു.
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളി :ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി
മേലിൽ വിലങ്ങ് അണിയിക്കരുതെന്ന് പൊലീസിന് താക്കീത് നല്‍കി. മാവേലിക്കര സബ് ജയിലില്‍ നിന്നാണ് ഇവരെ വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയത്. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പിനോട് വിശദീകരണം തേടുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രതികളെ വിലങ്ങണിയിച്ചത് സുപ്രീം കോടതി നിർദ്ദേങ്ങൾക്ക് എതിരെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് നടപടി. പ്രതികളെ വിലങ്ങാണിയിക്കേണ്ട കേസ് അല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശെരിവെക്കുകയായിരുന്നു.രണ്ട് പ്രതികളെയും 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്
