ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഐടിയെ കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തു.

ആലപ്പുഴ: ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹർജി ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി. രാവിലെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല. തുടർന്ന് പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയ ശേഷം ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിച്ചു. നിലവിൽ പ്രതികൾക്കെതിരെ ഉള്ളത് ജാമ്യമുള്ള വകുപ്പുകൾ മാത്രമാണെന്നും അതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യം എന്താണെന്നും കോടതി ചോദിച്ചു. പ്രതികൾക്കെതിരെ ഉള്ളത് ജാമ്യമുള്ള വകുപ്പുകൾ മാത്രമാണെന്നും മുൻ കൂർ ജാമ്യഹർജി നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്ന വിദൂരസാധ്യത പോലും അന്വേഷണ റിപ്പോർട്ടിലോ മുൻ‌കൂർ ജാമ്യ അപേക്ഷ എതിർത്തുള്ള ഒബ്ജക്ഷൻ റിപ്പോർട്ടിലോ ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി. ഒബ്ജക്ഷൻ റിപ്പോർട്ട് പൂർണമല്ലെന്ന് കാണിച്ചു ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് പ്രോസിക്യൂഷനെ വീണ്ടും രൂക്ഷമായി വിമർശിച്ചു. ഇങ്ങനെയാണോ അന്വേഷണ ഉദ്യോഗസ്ഥൻ പെരുമാറേണ്ടതെന്നും ഇതുവരെ ഉള്ള അന്വേഷണത്തിന്റെ പൂർണ റിപ്പോർട്ട് ആണ് ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്നും കോടതി വ്യക്തമാക്കി.