മയക്കുഗുളിക നൽകി, ബോധം കെടുത്തി സ്വർണം കവർന്നു; ബോധം തെളിഞ്ഞ്, സ്വർണം ആവശ്യപ്പെട്ടപ്പോൾ കൊലപാതകം
കെഡാവർ നായയെ എത്തിച്ച് നടത്തിയ പരിശോധന നിർണായകമായെന്ന് എസ് പി എംപി മോഹനചന്ദ്രൻ പറഞ്ഞു.
ആലപ്പുഴ: ആലപ്പുഴയിലെ കലവൂരിൽ 73 കാരി സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. സുഭദ്രയെ കൊല്ലാൻ പ്രതികൾ നടത്തിയത് വൻ ആസൂത്രണമെന്ന് ആലപ്പുഴ എസ്പി എംപി മോഹനചന്ദ്രൻ. രണ്ട് മാസം മുൻപ് കടവന്ത്രയിൽ വെച്ച് പ്രതികൾ സുഭദ്രയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നപ്പോൾ മറ്റൊരു സുരക്ഷിത സ്ഥലം തേടി. തുടർന്നാണ് കലവൂരിലെ വീട്ടിൽ വെച്ച് കൊല നടത്തുന്നത്.
ആദ്യം മയക്കുഗുളിക നൽകി ബോധം കെടുത്തി സ്വർണം കവർന്നു. മയക്കുഗുളിക എത്തിച്ചു നൽകിയത് മാത്യുവിന്റെ സുഹൃത്തും ബന്ധുവും ആയ റൈനോൾഡ് ആയിരുന്നു. ബോധം വന്നപ്പോൾ സുഭദ്ര കാണാതായ സ്വർണം ആവശ്യപ്പെട്ടു. തുടർന്നാണ് കൊലപാതകമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കെഡാവർ നായയെ എത്തിച്ച് നടത്തിയ പരിശോധന നിർണായകമായെന്ന് എസ് പി എംപി മോഹനചന്ദ്രൻ പറഞ്ഞു. ഷർമിളയും സുഭദ്രയും 2017 മുതൽ പരിചയക്കാരായിരുന്നു. നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞരിച്ചുമാണ് കൊലപ്പെടുത്തിയതെന്നും പ്രതികൾ മൊഴി നൽകി.