ആലപ്പുഴ: ആലപ്പുഴ നഗരസഭാ സെക്രട്ടറി എസ് ജഹാംഗീർ അവധിയിൽ പ്രവേശിച്ചു. ലേക്ക് പാലസ് റിസോർട്ടിന്‍റെ നികുതി ഇളവിനെ ചൊല്ലി സർക്കാരിൽ നിന്നും നഗരസഭയിൽ നിന്നും നേരിട്ട സമ്മർദ്ദത്തിന് ഒടുവിലാണ് ജഹാംഗീർ അവധിയിൽ പോകുന്നത്. രണ്ടുവർഷത്തെ അവധി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഐഐടിയിൽ ഉപരിപഠനത്തിന് പോകാനാണ് അവധിയെടുത്തതെന്നും ജഹാംഗീർ പറഞ്ഞു.

അവധി വേണമെന്ന ആവശ്യം സ‍ർക്കാർ അംഗീകരിച്ചിട്ടുണ്ട്. അടുത്ത ദിവസം നഗരസഭയിൽ എത്തി പകരം ഉദ്യോഗസ്ഥന് സെക്രട്ടറി ചുമതല കൈമാറുമെന്നും ജഹാം​ഗീർ വ്യക്തമാക്കി. ലേക്ക് പാലസ് വിഷയത്തിൽ സർക്കാരും നഗരസഭയുമായി തർക്കം തുടങ്ങിയത് മുതൽ ജഹാം​ഗീർ ഒരാഴ്ചത്തെ അവധിയിലായിരുന്നു.  

ഇതുസംബന്ധിച്ച് ജഹാംഗീർ തന്‍റെ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ലേക്ക് പാലസിന്‍റെ നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായി നിലപാട് എടുത്ത ഉദ്യോഗസ്ഥനാണ് ജഹാംഗീർ. എന്നാൽ, ലേക്ക് പാലസിന്‍റെ അനധികൃത നിർമ്മാണങ്ങൾക്ക് നികുതിയും പിഴയും കുറയ്ക്കണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ ജഹാം​ഗീർ സമ്മർദ്ദത്തിലായി. ചട്ടലംഘനത്തിന്‍റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടെ 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്.

ലേക്ക് പാലസ് വിഷയത്തിൽ ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് സർക്കാരും നടപ്പാക്കരുതെന്ന് നഗരസഭയും വാദിച്ചു. ഒടുവിൽ സർക്കാർ സമ്മർദ്ദത്തിനു വഴങ്ങി സെക്രട്ടറി ഉത്തരവ് നടപ്പാക്കി. നഗരസഭാ നിശ്ചയിച്ച നികുതിയില്‍ നിന്നും ഇളവ് വരുത്തിയാണ് ജഹാംഗീർ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയത്. ഇതിനെ തുടർന്ന് ജഹാം​ഗീറിനെ സസ്പെൻഡ് ചെയ്യണമെന്ന് നഗരസഭ കൗൺസിൽ സർക്കാരിന് ശുപാർശ നൽകിയിരുന്നു.