ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് യുദ്ധത്തിനില്ലെന്ന് ആലപ്പുഴ നഗരസഭ. നികുതിയിനത്തില്‍ നഗരസഭക്ക് കിട്ടാനുള്ള തുക വാങ്ങിയെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് പ്രതികരിച്ചു.

ലേക് പാലസ് റിസോര്‍ട്ടിന് നികുതിയിനത്തിലും പിഴയിനത്തിലും നഗരസഭ ചുമത്തിയ തുക വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. നികുതിയിളവ് നല്‍കാനാവില്ലെന്ന നഗരസഭ കൗണ്‍സില്‍ തീരുമാനത്തെ തള്ളിക്കൊണ്ടായിരുന്നു സര്‍ക്കാരിന്‍റെ ഈ ഉത്തരവ്. 1.17 കോടി 34 ലക്ഷമായി വെട്ടിക്കുറയ്ക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഈ തുക ഈടാക്കി റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ നിയമാനുസൃതമായി ക്രമവത്കരിക്കണമെന്നും തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. 

Read Also: തോമസ് ചാണ്ടിയെ സഹായിച്ച് സര്‍ക്കാര്‍; ലേക് പാലസ് റിസോര്‍ട്ടിന്‍റെ പിഴത്തുക വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശം

സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി 34 ലക്ഷം രൂപ നഗരസഭയില്‍ അടച്ചെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് പറഞ്ഞു. അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനുള്ള നടപടി മാത്രമാണ് അവശേഷിക്കുന്നത്. ലേക് പാലസ് റിസോര്‍ട്ട് സംബന്ധിച്ച തുടര്‍നടപടികള്‍ ഈ മാസം 16ന് ചേരുന്ന നഗരസഭാ കൗണ്‍സിലില്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.