ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76)യാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ കൊവിഡ് പരിശോധനാ ഫലത്തിലാണ് ഇവർക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകൾക്കും അടക്കം കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ശാരദയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരം നടത്തും. അതേസമയം കോഴിക്കോട്ട് കൊവിഡ് ബാധിച്ച് മരിച്ച ഷാഹിദയുടെ കുടുംബാംഗങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. തലശ്ശേരി കൺട്രോൾ റൂമിലെ ഒരു എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈവെ പട്രോൾ ടീമിൽ പ്രവർത്തിക്കുന്ന എസ്ഐക്കാണ് രോഗം സ്ഥിരീകരിച്ചത്.