മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫും എസ്ഡിപിഐയും തമ്മില്‍ ധാരണയുണ്ടായതായി എൽഡിഎഫ് ആരോപണം. 

ആലപ്പുഴ: നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നേടിയ മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും യുഡിഎഫ് - എസ്ഡിപിഐ ധാരണയെന്ന് ആരോപണം. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം യുഡിഎഫിനും യുഡിഎഫ് അംഗങ്ങള്‍ തിരിച്ചും വോട്ട് ചെയ്തതാണ് വിവാദമായത്.

18 അംഗ പഞ്ചായത്ത് സമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 7 വീതം അംഗങ്ങളാണുള്ളത്. ബിജെപിക്ക് മൂന്നും എസ്ഡിപിഐക്ക് ഒരാളുമാണുള്ളത്. വികസന, ക്ഷേമകാര്യ സ്ഥിരംസമിതികളിലേക്കുള്ള വനിതാ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം അഷറഫ് നെടുമ്പ്രത്തുംവിള യുഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ഥി റീന 8 വോട്ട് നേടി വിജയിച്ചു. എല്‍ഡിഎഫിലെ അമ്പിളിക്ക് 7 വോട്ടാണ് ലഭിച്ചത്.

തുടര്‍ന്ന് നടന്ന വികസനകാര്യ സമിതിയിലെ മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം അഷറഫിന് സ്വന്തം വോട്ടിന് പുറമെ 3 കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി ലഭിച്ചു. ഇതോടെ 4 വോട്ട് ലഭിച്ച അഷറഫ് കമ്മിറ്റിയില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ് അംഗം രാധികയ്ക്ക് 4 വോട്ടും എല്‍ഡിഎഫ് അംഗം ഫിലിപ്പ് ഉമ്മന് 7 വോട്ടും ലഭിച്ചു. അതേസമയം 3 വോട്ട് മാത്രം ലഭിച്ച ബിജെപി അംഗം മധുകുമാറിന് കമ്മിറ്റിയില്‍ ഇടം നേടാനായില്ല. യുഡിഎഫ് രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ഉറപ്പിച്ചതും എസ്ഡിപിഐ അംഗം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എത്തിയതും ധാരണ പ്രകാരമാണെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. എന്നാൽ യുഡിഎഫുമായി യാതൊരു ധാരണയുമില്ലെന്നാണ് അഷറഫ് നെടുമ്പ്രത്തും വിള പറയുന്നത്.