ആലപ്പുഴ: ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ സ്വന്തം പാളയത്തിലെ നേതാക്കൾ തന്നെ പൊലീസ് പിടിയിലായതോടെ കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവര്‍ കടുത്ത പ്രതിരോധത്തിലായി. പൊലീസ് അതിക്രമത്തിൽ എംഎൽഎ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടും പൊലീസ് നടപടി ന്യായീകരിക്കും വിധം വന്ന പ്രസ്ഥാവനയെ തുടര്‍ന്നാണ് കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് എഴുതിയ പോസ്റ്റര്‍ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ പാര്‍ട്ടിക്കാരല്ലെന്ന് കാനം പ്രതികരിക്കുകയും ചെയ്തിരുന്നു. 

സിപിഐക്ക് അകത്തെ വിഭാഗീയതയുടെ തെളിവാണ് പോസ്റ്റര്‍ എന്നും കാനത്തിനെതിരെ കെഇ ഇസ്മയിൽ പക്ഷത്തിന്‍റെ നീക്കമാണ്  സംഭവത്തിന് പിന്നിലെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ഇസ്മയിൽ പക്ഷ നേതാക്കൾക്കെതിരെ പാര്‍ട്ടിക്കകത്ത് കടുത്ത വിമര്‍ശനവും ഉയര്‍ന്നു. 

എന്നാൽ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ തപ്പിയെടുത്തതോടെയാണ് പോസ്റ്റര്‍ വിവാദം വലിയ വഴിത്തിരിവിലേക്ക് എത്തിയത്. പൊലീസ് പിടികൂടിയവരെല്ലാം കടുത്ത കാനം അനുഭാവികളാണ്. ഇതോടെ തൊടുത്തുവിട്ട  ആരോപണങ്ങളെല്ലാം സ്വയം പ്രതിരോധിക്കേണ്ട ഗതികേടിലാണ് കാനം പക്ഷം.  

കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായത്. സംസ്ഥാന ഘടകത്തിന്‍റെ തീരുമാനപ്രകാരം കഴിഞ്ഞ മേയ് മാസത്തിൽ മണ്ഡലം കമ്മിറ്റികളെ നിയോജകമണ്ഡല അടിസ്ഥാനത്തിൽ വിഭജിച്ചു.പല നേതാക്കളെയും വെട്ടിനിരത്തി കാനം പക്ഷക്കാർ അമ്പലപ്പുഴയിലും ആലപ്പുഴയിലും അരൂരിലും നേതൃസ്ഥാനങ്ങളിലെത്തി. ഇതിൽ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗം രാജിവെച്ച് സിപിഎമ്മിൽ ചേരുകയും ചെയ്തിരുന്നു.

പൊലീസ് പിടികൂടിയ മൂന്ന് പേരിൽ ഒതുങ്ങുന്നതല്ല പോസ്റ്റര്‍ പതിച്ചതിന് പിന്നിലെ ഗൂഢാലോചനയെന്നാണ് ഇസ്മയിൽ പക്ഷ നേതാക്കൾ പറയുന്നത്. ഇക്കാര്യം പുറത്തുവരാൻ പൊലീസും പാർട്ടിയും വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയത്ത് ചേരുന്ന മേഖലാ റിപ്പോർട്ടിംഗിൽ ഇക്കാര്യം ഉന്നയിക്കാനാണ് ഇസ്മയിൽ പക്ഷത്തിന്‍റെ തീരുമാനം.