കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശയും പ്രതികൂലമാണെന്നതിനാൽ ഇതുവരെ സാധിച്ചിട്ടില്ല
കണ്ണൂർ : കണ്ണൂർ അഴീക്കലിൽ നിന്ന് 81 കിലോമീറ്റർ അകലെ അറബിക്കടലിൽ പൊട്ടിത്തെറിച്ച് കത്തുന്ന വാൻ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാൻ ഇനിയും കഴിഞ്ഞില്ല. തെക്കുകിഴക്കൻ ദിശയിലാണ് കടലിൽ ഒഴുക്ക്. കടലിൽ നിന്ന് കണ്ടെയിനർ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി. കപ്പലിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശയും പ്രതികൂലമാണെന്നതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ അരുൺ കുമാർ വിശദീകരിച്ചു.
കണ്ണൂർ അഴീക്കലിൽ നിന്ന് 81 കിലോമീറ്റർ അകലെ അറബിക്കടലിൽ കത്തുന്ന വാൻ ഹായ് 503 ചരക്കുകപ്പലിൽ നിന്നും പൊട്ടിത്തെറികൾ തുടരുകയാണ്. കപ്പൽ ഒരു വശത്തേക്ക് അല്പം ചരിഞ്ഞതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു.157 ഇനം അത്യന്തം അപായകരമായ രാസവസ്തുക്കൾ കപ്പലിലുണ്ടെന്നാണ് വിവരം. ഇന്നലെ രാവിലെ ഒൻപത് മണിയോടെ അപകടത്തിലായ കപ്പൽ ഇപ്പോഴും കത്തിയെരിയുകയാണ്. 40 കണ്ടെയ്നറുകളിൽ അതിവേഗം തീ പടരുന്ന വസ്തുക്കളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഡക്കിൽത്തന്നെ നിരവധി പൊട്ടിത്തെറികൾ ഉണ്ടായതിനാൽ ഇനി കപ്പൽ വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ മങ്ങി. കോസ്റ്റ് ഗാർഡ് യാനങ്ങൾക്ക് തീപിടിച്ച കപ്പലിന്റെ സമീപത്തേക്ക് എത്താനാകുന്നില്ല. ഒഴുകി നീങ്ങുന്ന കണ്ടെയ്നറുകൾ രക്ഷാ യാനങ്ങളുടെ പ്രൊപ്പല്ലറുകളിൽ ഇടിച്ചാൽ അപകട സാധ്യതയുണ്ട്. അതിനാൽ വളരെ കരുതലോടെയാണ് രക്ഷാപ്രവർത്തനം.