കൊച്ചി: പാലാരിവട്ടം മേൽപ്പാലം ക്രമക്കേടുമായി ബന്ധപ്പെട്ട മുഴുവൻ കുറ്റവാളികളെയും ശക്തവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ പിടികൂടണമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. കുറ്റവാളികള്‍ എത്ര ഉന്നതനായാലും രക്ഷപ്പെടരുതെന്നും സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറിവില്ലാതെ പ്രിൻസിപ്പൽ സെക്രട്ടറി കൃത്യവിലോപം നടത്തുമെന്ന് വിശ്വസിക്കാനാവില്ല. പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് വരുന്ന അധിക ചെലവ് ഉത്തരവാദികളിൽ നിന്ന് ഈടാക്കണം. ഇബ്രാഹിം കുഞ്ഞ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും മോഹനൻ കൂട്ടിച്ചേർത്തു.

വായിക്കാം; കരാറില്‍ മുതല്‍ നിര്‍മ്മാണത്തില്‍ വരെ നീണ്ട അഴിമതി; പാലാരിവട്ടം പാലത്തിന്‍റെ കഥയിങ്ങനെ

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് ഉദ്യോഗസ്ഥരാണ് ഇന്ന് അറസ്റ്റിലായത്.  പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

വായിക്കാം;പാലാരിവട്ടം പാലം അഴിമതി: മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിൽ

2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പെയാണ് മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചത്. പാലത്തിലെ  ടാറിളകി റോഡും  തകർന്ന നിലയിലായിരുന്നു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.