ക്ലാസ് തുടങ്ങുന്ന സമയം, പിരീഡുകളുടെ ദൈർഘ്യം എന്നിവയടക്കമുള്ള മാറ്റങ്ങൾ വന്നേക്കാവുന്ന രണ്ടാം ഘട്ട രണ്ടാം റിപ്പോർട്ടുമായി മുന്നോട്ട് പോകുമെന്നും പ്രൊ. എംഎ ഖാദർ.
തിരുവനന്തപുരം: ഹയർ സെക്കന്‍ററി ഹൈസ്കൂൾ ഏകീകരണത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് ഖാദർ കമ്മിറ്റി അധ്യക്ഷൻ പ്രൊ. എംഎ ഖാദർ. രണ്ടാം റിപ്പോർട്ടുമായി മുന്നോട്ട് പോകുമെന്നും റിപ്പോർട്ട് ഓഗസ്റ്റിൽ സമർപ്പിയ്ക്കുമെന്നും പ്രൊഫസർ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
ഘടനമേഖലയിലുള്ള മാറ്റമാണ് നേരത്തെ നിർദേശിക്കപ്പെട്ടിരുന്നതെങ്കിൽ രണ്ടാം റിപ്പോർട്ടിൽ പ്രവർത്തനരീതികളിലാണ് മാറ്റം കൊണ്ട് വരുന്നത്. ക്ലാസ് തുടങ്ങുന്ന സമയം, പിരീഡുകളുടെ ദൈർഘ്യം, എന്നിവയടക്കമുള്ള മാറ്റങ്ങൾ വന്നേക്കാമെന്ന് എംഎ ഖാദർ പറഞ്ഞു. ആ നിലയ്ക്കാണെങ്കിൽ രണ്ടാം ഘട്ട റിപ്പോർട്ടും വലിയ പ്രതിഷേധങ്ങൾക്കിടയാക്കും.
പ്രതിപക്ഷം നിയമസഭയിലടക്കം വിഷയം ഉന്നയിക്കുകയും റിപ്പോർട്ട് ഒരു രാഷ്ട്രീയ വിഷയമായി മുന്നോട്ട് കൊണ്ട് പോകുമെന്ന നിലപാടിലുമാണ്. പ്രതിപക്ഷ അധ്യാപകർ പ്രവേശനോത്സവം ബഹിഷ്കരിക്കുകയും സ്കൂൾ തുറക്കുന്ന ദിവസം കറുത്ത ബാഡ്ജ് ധരിച്ച് സ്കൂളിലെത്തുകയും ചെയ്തിരുന്നു. പുതിയ മാറ്റങ്ങളോടെ സ്കൂൾ ആരംഭിച്ചെങ്കിലും വിഷയത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമാണ്.
ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽപി, യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. എഇഒ. ഡിഇഒ ഓഫീസുകൾ നിർത്തലാക്കില്ല.
ഹയര്‍സെക്കന്‍ററി ഹൈസ്കൂള്‍ ലയനം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു. ഖാദർ കമ്മിറ്റിയിലെ ശുപാർശകൾ തുഗ്ലക് പരിഷ്കാരത്തിന് സമാനമാണ്. തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാകുന്നതോടെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴിലാകും. ഒന്നു മുതൽ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന എന്ന ഒറ്റ കുടക്കീഴിലായിരിക്കും ഉണ്ടാവുക.
