Asianet News MalayalamAsianet News Malayalam

നീളം 262 മീറ്റർ, 14 നിലകൾ, 2300 അറകൾ, 14000 പേരുടെ അധ്വാനം: ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

ഇത് കമ്മീഷൻ ചെയ്യപ്പെടുന്നതോടെ ഇന്ത്യ തദ്ദേശീയമായി വിമാനവാഹിനി കപ്പലുകൾ വികസിപ്പിച്ച ലോകരാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരും

All you need to know about India first indigenously built aircraft carrier INS Vikrant
Author
Kochi, First Published Aug 4, 2021, 5:28 PM IST

തിരുവനന്തപുരം: ഐഎൻഎസ് വിക്രാന്ത്. കടലിന്റെ ഓളപ്പരപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കെട്ടുന്ന ഒരു വിമാനവാഹിനി കപ്പൽ. ഇത് കമ്മീഷൻ ചെയ്യപ്പെടുന്നതോടെ ഇന്ത്യ തദ്ദേശീയമായി വിമാനവാഹിനി കപ്പലുകൾ വികസിപ്പിച്ച ലോകരാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരും. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനി കപ്പൽ എന്നത് മാത്രമാണോ ഐഎൻഎസ് വിക്രാന്തിന്റെ പ്രത്യേകത? അല്ലേയല്ല.

പോർവിമാനങ്ങൾ പാർക്ക് ചെയ്യാം

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്നതാണ് നമ്മുടെ ഈ അഭിമാന കപ്പൽ. ഹെലികോപ്റ്ററുകളും ഫൈറ്റർ ജെറ്റുകളുമായി 30 എണ്ണം പാർക്ക് ചെയ്യാനുള്ള ശേഷിയാണ് വിക്രാന്തിന്റെ കരുത്ത്. വിക്രാന്തിന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയുമുണ്ട്. 7500 മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും കപ്പലിനുണ്ട്. നീറ്റിലിറങ്ങിയാൽ നാവികസേനയുടെയും ഇന്ത്യൻ പ്രതിരോധ ശേഷിയുടെയും മഹിമ ഉയർത്തിപ്പിടിക്കുന്നതാവും ഐഎൻഎസ് വിക്രാന്ത്.

Read More: രാജ്യത്തിന് അഭിമാന ദിവസം; ഐഎന്‍എസ് വിക്രാന്ത് ട്രയല്‍ റണ്ണിനായി കടലിലിറക്കി

നീളം 262 മീറ്റർ, 14 ഡെക്ക്, 2300 കംപാർട്ട്മെന്റ്

ഐഎൻഎസ് വിക്രാന്തിന്റെ അകത്ത് 2300 കംപാർട്ട്മെന്റുകളുണ്ട്. കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമാണ്. പോർവിമാനങ്ങൾക്ക് പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ മേൽഭാഗം തയ്യാറാക്കിയിരിക്കുന്നത്. സൂപ്പർ സ്ട്രക്ചറിന്റെ കൂടി കണക്കാക്കുമ്പോൾ കപ്പലിന് 59 മീറ്റർ ഉയരവുമുണ്ട്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം അടക്കം കപ്പലിനകത്ത് ആകെ 14 ഡെക്കുകളാണുള്ളത്. 

ഒരു സമയം 1700 ഓളം വരുന്ന ക്രൂവരെ ഉണ്ടാകുമെന്നത് കണക്കാക്കിയാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

14000 പേരുടെ അധ്വാനത്തിന്റെ ഫലം

ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിൽ ഏതാണ്ട് 14000ത്തിലേറെ പേർ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചി കപ്പൽശാലയിലെ 2000 ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ ഉണ്ടായി. രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിർമ്മാണ പ്രവർത്തനത്തിലും വലിയ വളർച്ച കൈവരിക്കാനും സാധിച്ചു.

Read More: കടല്‍ കീഴടക്കാന്‍ ഐഎന്‍എസ് വിക്രാന്ത്; കടലിലെ പരിശീലനം ആരംഭിച്ചു

തദ്ദേശീയമായി 76 ശതമാനത്തിന് മുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പുറമേ കൊച്ചി കപ്പൽശാലയുടെയും മറ്റ് ഉപ കരാറുകാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തിരികെ നിക്ഷേപിക്കാൻ സാധിച്ചുവെന്നത് സാമ്പത്തികമായും രാജ്യത്തിന് നേട്ടമായി. 100 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളടക്കം കൊച്ചി കപ്പൽശാലയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിമാനവാഹിനി കപ്പലിന്റെ നിർമ്മാണത്തിൽ പങ്കാളിയായി.

കന്നി പരീക്ഷണ യാത്ര

ഇന്നാണ് കൊച്ചിയിൽ ഐഎൻഎസ് വിക്രാന്ത് ആദ്യമായി പരീക്ഷണ യാത്ര നടത്തിയത്. കന്നി പരീക്ഷണ  യാത്രയ്ക്കിടെ കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽ‌ഷൻ, ഊർജ്ജോൽപ്പാദനവും വിതരണവും, സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.

"

നിർമ്മാണം നടന്നത് കേരളത്തിൽ

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചി കപ്പൽശാലയിലാണ് ഐഎൻഎസ് വിക്രാന്തിന്റെ 76 ശതമാനത്തിലധികം ജോലികളും നടന്നത്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ എന്ന വിഭാഗമാണ് കപ്പലിന്റെ രൂപകൽപ്പന പൂർത്തിയാക്കിയത്. ഇന്ത്യയ്ക്ക് മുൻപ് വിമാനവാഹിനി കപ്പൽ നിർമ്മിച്ച പരിചയം ഇല്ലാതിരുന്നതിനാൽ ഇത് തുടക്കം മുതലേ അഭിമാന പദ്ധതിയായിരുന്നു.

Follow Us:
Download App:
  • android
  • ios