കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും ഇന്ന് ജയിൽ മോചിതരാകാനിരിക്കെ ജാമ്യം റദ്ദാക്കാൻ നാടകീയനീക്കവുമായി എൻഐഎ. കീഴ്ക്കോടതിയിൽ ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കുന്ന നടപടികൾ നടക്കുമ്പോഴാണ് നാടകീയമായി ഇന്ന് തന്നെ ഹൈക്കോടതിയിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എൻഐഎ സമീപിക്കുന്നത്. ജാമ്യം ഇന്ന് നൽകുന്നത് തടയണമെന്നും, ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും കാട്ടി എൻഐഎ കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകിയെങ്കിലും ഇത് വിചാരണക്കോടതി തള്ളി.

ഹൈക്കോടതി ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധിദിനങ്ങളാണ്. അതിനാലാണ് അലനും ത്വാഹയ്ക്കും ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയിൽ എൻഐഎ എത്തുന്നത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീൽ വച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നുമാണ് എൻഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അൽപസമയത്തിനകം ഹർജി ഹൈക്കോടതി പരിഗണിക്കാനാണ് സാധ്യത. 

അലനും ത്വാഹയും മാവോയിസ്റ്റ് ആശയങ്ങളുടെ പ്രചാരകരായി എന്നതിൽ പ്രഥമദൃഷ്ട്യാ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിപ്രസ്താവം കണക്കുള്ള ഒരു ജാമ്യ ഉത്തരവാണ് എൻഐഎ കോടതി പുറത്തിറക്കിയത്. എന്തെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങളിലോ, തീവ്രവാദപ്രവർത്തനങ്ങളിലോ അലനും ത്വാഹയും പങ്കെടുത്തതായി ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. അലനും ത്വാഹയും സിപിഐ (മാവോയിസ്റ്റ്) പാർട്ടിയിൽ അംഗങ്ങളാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അലനും ത്വാഹയും കോടതി മുന്നോട്ട് വയ്ക്കുന്ന ഉപാധികൾ അനുസരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് അവരെ ഇനിയും ജയിലിൽ തുടരാൻ അനുവദിക്കാനാകില്ലെന്നും ജാമ്യ ഉത്തരവിൽ എൻഐഎ കോടതി ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നു. 

അലനും ത്വാഹയ്ക്കും ജാമ്യം അനുവദിച്ച് കോടതി പറഞ്ഞ ഉപാധികൾ ഇങ്ങനെയാണ്: ഓരോ ലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കണം. ജാമ്യം നിൽക്കുന്നവരിൽ ഒരാൾ പ്രതികളുടെ രക്ഷിതാവും രണ്ടാമത്തേയാൾ അടുത്ത ബന്ധുവും ആകണം. എല്ലാ ശനിയാഴ്ചയും അലനും ത്വാഹയും തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളിൽ ഹാജരായി ഒപ്പിടണം. ഇതനുസരിച്ച്, അലന്‍റെയും ത്വാഹയുടെയും മാതാപിതാക്കൾ കൊച്ചി എൻഐഎ കോടതിയിൽ രാവിലെത്തന്നെ എത്തിയിരുന്നു. 

അലനെ ജാമ്യത്തിൽ വിട്ടുകൊണ്ടുള്ള കോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് അമ്മ സബിത മഠത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും കോടതി വിധിയിൽ വ്യക്തമായി. കൂടെ നിന്നവർക്ക് എല്ലാം നന്ദി. ഇനി മകന്റെ തുടർപഠനം ആണ് ലക്ഷ്യമെന്നും, അലന്‍റെ താല്പര്യം കൂടി കണക്കിൽ എടുത്താണ് തീരുമാനമെന്നും സബിത മഠത്തിൽ പറഞ്ഞു.