തിരുവനന്തപുരം: ഡിജിപിയുടെത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വില്ലകൾ നിർമ്മിച്ചത് പൊലീസ് ഹൗസിംഗ് കണ്‍സ്ട്രഷൻ കോർപ്പറേഷൻ കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനി. ഹാബിറ്റാറ്റിനെ കരിമ്പട്ടികയിൽപ്പെടുത്തി കോർപ്പറേഷൻ എംഡി പുറത്തിറക്കിയ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ആഡംബര വില്ല നിർമ്മാണത്തെ സിഎജി രൂക്ഷമായി വിമർശിച്ചിരുന്നു.

പൊലീസുകാർക്ക് ക്വാർട്ടേഴ്സ് പണിയാനുള്ള തുക വകമാറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വില്ല പണിയുന്നുവെന്നായിരുന്നു സിഎജി കണ്ടെത്തൽ. എന്നാല്‍, അതിനപ്പുറത്താണ് വില്ലയിലെ ചട്ടലംഘനം. നിർമ്മാണം പൊലീസ് ഹൗസിംഗ് കണ്‍സ്ട്രഷൻ കോർപ്പറേഷനെ ഏല്പിച്ചില്ല. പകരം പൊലീസ് ഹൗസിംഗ് കണ്‍സ്ട്രഷൻ കോർപ്പറേഷൻ കരിമ്പട്ടികയിൽ പെടുത്തിയ ഹാബിറ്റാറ്റിനെയാണ് നിർമാണ ചുമതല ഏല്‍പ്പിച്ചത്.

പാലക്കാട് അഗളി സിഐ ഓഫീസ് നിർമ്മിച്ചത് ഹാബിറ്റാറ്റായിരുന്നു. ഒരു വർ‍ഷം കഴിയുന്നതിന് മുമ്പേ ഓഫീസ് ചോന്നൊലിച്ചു. കൂടാതെ നിർമ്മാണ അപാകതകള്‍ ചൂണ്ടികാട്ടി പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് കത്തും നൽകി. അറ്റകുറ്റപണി ചെയ്യണമെന്നാവശ്യപ്പെട്ട് കരാറുകാരായ ഹാബിറ്റാറിനെ കോർപ്പറേഷന്‍ സമീപിച്ചുവെങ്കിലും ഒരു നീക്കവുമുണ്ടായില്ല. ഇതേ തുടർന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നും ഹാബിറ്റാറ്റിനെ കരിമ്പട്ടികയിൽപ്പെടുത്താൻ കോർപ്പറേഷൻ എംഡിക്ക് നിർദ്ദേശം നൽകിയത്. 

2015 ഒക്ടോബർ 17നാണ് ഹാബിറ്റാറ്റിനെ കരിമ്പട്ടികയിൽപ്പെടുത്തി കോർപ്പറേഷന്‍റെ എംഡിയായിരുന്ന എഡിജിപി അനിൽകാന്ത് ഉത്തരവിറക്കിയത്. ഈ ഉത്തരവ് കാറ്റിൽപ്പറത്തിയാണ് ബെഹ്റ ടെണ്ടർ പോലും വിളിക്കാതെ കരാർ ഹാബിറ്റാറ്റിനെ ഏല്പിച്ചത്. സർക്കാർ പട്ടികയിൽപ്പെട്ട കമ്പനിയായത് കൊണ്ടാണ് കരാ‍ർ നൽകിയതെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം.