കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ് എടുത്തത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന വിവാദത്തിൽ കേസെടുത്ത് പൊലീസ്. പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്. കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ് എടുത്തത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെട്ടിരുന്നു. ബിജെപി പ്രവർത്തക പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയിൽ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വിവരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തുനിന്നും വന്നവർ പണം തന്നിട്ടില്ലെന്നും അവർ പറഞ്ഞതായി ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. മാധ്യമങ്ങളോട് ആദ്യം പണം ലഭിച്ചെന്ന് പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയപ്പോൾ, ഞങ്ങളോട് പണം തന്നിട്ടില്ലെന്നാണ് വയോധിക മറുപടി നൽകിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ശേഷം തുടർ നടപടിയുണ്ടാകുമെന്നും അവർ വിവരിച്ചു. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബി ജെ പി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്.
അതേസമയം വയോധികക്ക് പണം കൈമാറിയെന്ന് ആരോപണം നേരിടുന്ന സ്ത്രീയെ അറിയില്ലെന്നടക്കമുള്ള എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ആരോപണ വിധേയയായ സ്ത്രീ ശോഭക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ഉണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി. കാറിലെ യുവതിയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.


