സിസ്ട്രയില്‍ താനുണ്ടായിരുന്ന കാലത്ത്  തന്നെ പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത് ബ്രോഡ് ഗേജ് പാതക്ക് ആണ്.  സാധ്യത റിപ്പോര്‍ട്ടില്‍ മാര്‍ച്ച് 2019ല്‍ തന്നെ കെ റെയില്‍ എംഡി പ്രതികരണമറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: കെ റെയില്‍ (K Rail) എംഡിയുടെ വാദങ്ങളെ തള്ളി റിട്ട. റയില്‍വേ ചീഫ് എഞ്ചിനിയര്‍ അലോക് വര്‍മ്മ (Alok Verma) രം​ഗത്ത്. സിസ്ട്രയില്‍ താനുണ്ടായിരുന്ന കാലത്ത് തന്നെ പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത് ബ്രോഡ് ഗേജ് പാതക്ക് ആണ്. സാധ്യത റിപ്പോര്‍ട്ടില്‍ മാര്‍ച്ച് 2019ല്‍ തന്നെ കെ റെയില്‍ എംഡി പ്രതികരണമറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അലോക് വർമ്മ സിസ്ട്രയിലുള്ള സമയത്ത് സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നില്ലെന്നാണ് കെ റെയിൽ വാദം. അന്തിമ സാധ്യത റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗൂഗിള്‍ എര്‍ത്ത് രീതി അവലംബിച്ചാണെന്ന് അലോക് വര്‍മ്മ പറയുന്നു. ഗ്രൗണ്ട് സര്‍വ്വേ നടത്തിയിട്ടില്ല. അന്തിമ സാധ്യത റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ജനങ്ങളെയും സര്‍ക്കാരിനെയും കെ റെയില്‍ വ‍ഞ്ചിക്കുകയാണെന്നും അലോക് വര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അന്തിമ സാധ്യത റിപ്പോർട്ടും പദ്ധതി രൂപരേഖയും കെട്ടിചമച്ചത്

കെ റെയിലിന്റെ അന്തിമ സാധ്യത റിപ്പോർട്ടും പദ്ധതി രൂപരേഖയും കെട്ടിചമച്ചതാണെന്ന് അലോക് വര്‍മ്മ. പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അലോക് വർമ്മ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാൽ, അലോക് വർമ്മയുടെ നിഗമനങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് കെ.റയിൽ എംഡി വിശദീകരിച്ചത്. 

കേരള റയിൽ ഡെവല്പെമെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന കൺസൽട്ടൻസി കമ്പനിയാണ് കെ.റെയിലിന്റെ സാധ്യത പഠനം നടത്തിയത്. മുന്‍ ഐആര്‍എസ്ഇ ഉദ്യോഗസ്ഥന്‍ അലോക് വർമയാണ് ആദ്യഘടത്തിൽ പഠനത്തിന് നേതൃത്വം നൽകിയത്. പ്രാഥമിക സാധ്യത റിപ്പോട്ട് പാടേ അട്ടിമറിച്ചാണ് കെ ആര്‍ഡിസിഎല്‍ മുന്‍പോട്ട് പോയതെന്നാണ് അലോക് വർമ പറയുന്നത്. കേരളത്തിന്‍റെ ഭൂമി ശാസ്ത്രത്തിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ചേരില്ലെന്ന നിര്‍ദ്ദേശം അവഗണിച്ചു. ടോപ്പോഗ്രാഫിക്, ജിയോളജിക്കല്‍, ട്രാഫിക് സര്‍വ്വേകളൊന്നും ശാസ്ത്രീയമായി നടന്നില്ല. റെയില്‍വേ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് ഡിപിആറും സമര്‍പ്പിച്ചു. പ്രളയം നേരിട്ട സംസ്ഥാനത്ത് മലമ്പ്രദേശങ്ങളെ അടക്കം ഉള്‍പ്പെടുത്തി സിൽവർ ലൈൻ പാത കടന്നു പോകുന്നത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അലോക് വർമ്മ പറഞ്ഞു. 

അലോക് വർമയുടെ നിഗമനങ്ങൾ സിസ്ട്ര തന്നെ തള്ളികള‍ഞ്ഞതാണെന്നാണ് കെആര്‍ഡിസിഎല്ലിന്റെ വിശദീകരണം. പഠനത്തിന്റെ ആദ്യഘട്ടത്തിൽ മൂന്ന് മാസം മാത്രമാണ് അലോക് വെർമ്മ പങ്കാളിയായിരുന്നത്. നിലവിലെ അലൈമെന്റ് അനുസരിച്ച് പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവാണെന്നും കെ.റയിൽ വിശദീകരിക്കുന്നു. സിൽവർ ലൈൻ പദ്ധതിക്ക് ഏറ്റവും അനുയോജ്യം സ്റ്റാൻഡേർഡ് ഗേജാണ്., ബ്രോഡ് ഗേജിൽ 200 കി.മീ വേഗത പ്രായോഗികമല്ലെന്നും കെ റെയിൽ വിശദീകരിച്ചു. കെ റെയിൽ രാഷ്ട്രീയ വിവാദമാകുമ്പോഴാണ് സാങ്കേതികവിദഗ്ധരും പദ്ധതിയെ എതിർക്കുന്നത്.

Read Also: 'പരിസ്ഥിതി ആഘാതം ഏറ്റവും കുറവ്, സിൽവർ ലൈൻ പ്രായോഗികം', അലോക് വർമയെ തള്ളി എംഡി